പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നിറുത്തിവച്ച ട്രെയിൻ സർവീസുകൾ പുനരാംഭിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിനും തമിഴ്നാട്ടിനും ഇടയിൽ മൂന്ന് അന്തർസംസ്ഥാന പ്രത്യേക ട്രെയിനുകൾ കൂടി സർവീസ് നടത്താൻ ദക്ഷിണറെയിൽവേ തീരുമാനിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. ആലപ്പുഴ - ചെന്നൈ, കൊല്ലം - ചെന്നൈ - തിരുവനന്തരപുരം എക്സ്രപ്രസ്, എറണാകുളം കാരക്കൽ ടീം ഗാർഡൻ എക്സ്പ്രസ് എന്നീ പ്രതിദിന സർവീസുകളാണ് പുനരാംഭിക്കുന്നത്. തിരുവനന്തപുരം മുതൽ ന്യൂഡൽഹി വരെ ഓടുന്ന കേരള എക്സ്പ്രസിന് പുറമേ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് ജംഗ്ഷൻ, സേലം, ജോലാർപേട്ട്, കട്പാടി എന്നിവിടങ്ങളിൽ തമിഴ്നാട്ടിൽ സ്റ്റോപ്പുകൾ ഉണ്ട്. ഇതിന് പുറമേ സംസ്ഥാനത്തിനകത്തും കൂടുതൽ ട്രെയിൻ സർവീസ് ആരംഭിക്കാനും റെയിൽവേ ആലോചിക്കുന്നുണ്ട്.
മലബാർ മേഖകളിൽ ബസ് സർവീസ് താരതമേന്യ കുറവായതിനെ തുടർന്ന് സാധാരണ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. ഇതിന് പരിഹാരമായി മംഗളൂരു - നാഗർകോവിൽ, പരശുറാം എകസ്പ്രസുകൾ പുനരാംഭിക്കും. കൂടാകതെ പ്രധാന ജംഗ്ഷനുകളിൽ ഇറങ്ങുന്നവർക്ക് ഉപകാരപ്പെടുംവിധം മെമ്മു ട്രെയിനുകൾ സർവീസ് നടത്താനും ആലോചനയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ അൺലോക്ക് മൂന്നിന്റെ ഭാഗമായി ഏപ്രിലിൽ തിരുവനന്തപുരം - കണ്ണൂർ, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം - എറണാകുളം വേണാട് എക്സപ്രസ് എന്നീ ട്രെയിനുകൾ പുനഃരാഭിച്ചിരുന്നുവെങ്കിലും യാത്രക്കാരില്ലാത്തതിനെ തുടർന്ന് നിറുത്തിവയ്ക്കുകയായിരുന്നു. യാത്രക്കാരുടെ ആവശ്യം ശക്തമായതോടെ മേയിൽ സർവീസുകൾ വീണ്ടും ആരംഭിക്കുകയായിരുന്നു.
നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ഉടൻ
കൊച്ചുവേളി നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ഉടനെ സർവീസ് ആരംഭിക്കുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരി പറഞ്ഞു. മേലാറ്റൂർ, അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് നിലമ്പൂരിലെത്തിയതിന് ശേഷമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. ഡിവിഷണൽ മാനേജരായി ചാർജ് ഏറ്റെടുത്തശേഷം ഷൊർണൂർ - നിലമ്പൂർ ലൈൻ സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം അങ്ങാടിപ്പുറം സ്റ്റേഷനിൽ എത്തിയത്.