പരിശോധന ശക്തമാക്കി അധികൃതർ
പാലക്കാട്: ഇരുചക്രവാഹനങ്ങളിൽ ഇനിമുതൽ പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിടിവീഴും. ആദ്യഘട്ടത്തിൽ 500 രൂപ പിഴയും താക്കീതുമാണ് നടപടിയെങ്കിൽ വീണ്ടും ആവർത്തിച്ചാൽ ലൈസൻസും നഷ്ടമാകും.
ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരിശോധനയും കർശനമാക്കി. 2019 ഡിസംബർ മുതലാണ് പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയത്. എന്നാൽ, മാർച്ച് മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരത്തുകളിൽ വാഹനങ്ങളും കുറഞ്ഞു പരിശോധനയും നിലച്ചു. കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ ഒരിടവേളയ്ക്ക് ശേഷം നിരത്തുകളിൽ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചു. ഇരുചക്ര വാഹനയാത്രികരുടെ എണ്ണവും കൂടി. കഴിഞ്ഞ രണ്ടുമാസമായി വാഹനാപകടങ്ങൾ വർദ്ധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 65 ശതമാനവും ഇരുചക്രവാഹന യാത്രക്കാരാണ്. ഈ സാഹചര്യത്തിലാണ് പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയത്.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഈ മാസം ഒന്നു മുതലാണ് ഹെൽമറ്റ് പരിശോധന ശക്തമാക്കിയത്. രണ്ടാംഘട്ട പരിശോധനയിൽ ഹെൽമെറ്റ് ഇല്ലാതെ പരിശോധന വേളയിൽ കണ്ടെത്തുന്നവർക്ക് പിഴ മാത്രമല്ല മൂന്നുമാസത്തെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് നീങ്ങും.
വി.എ.സഹദേവൻ,
എൻഫോഴ്സ് മെന്റ് ആർ.ടി.ഒ, പാലക്കാട്.
ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത കേസുകൾ
ഹെൽമറ്റ് ധരിക്കാത്തത്- 133 കേസ്
മൊബൈൽ ഫോൺ ഉപയോഗിച്ചതിന് - 30 കേസ്
സീറ്റ് ബെൽറ്റ് ധരിക്കാത്തത്- 30 കേസ്
ചരക്കുവാഹനങ്ങളിലെ അമിതഭാരം- 26
എയർഹോൺ- 08 കേസ്
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ- 86 കേസ്