
ഷൊർണൂർ: ട്രെയിനിൽ തനിച്ച് യാത്രപോകുന്ന വനിതാ യാത്രക്കാ
ക്ക് കൂട്ടൊരുക്കി റെയിൽവേയുടെ സുരക്ഷാപദ്ധതി. 'മേരി സഹേലി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ലോക്ക് ഡൗണിന് ശേഷം ഉത്തരേന്ത്യൻ ട്രെയിൻ സർവീസുകളിൽ പരീക്ഷിച്ച് വിജയിച്ചതോടെയാണ് കേരളത്തിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമായത്.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് എന്റെ സ്നേഹിത എന്ന് അർത്ഥംവരുന്ന 'മേരി സഹേലി' പദ്ധതിക്ക് റെയിൽവേ തുടക്കം കുറിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ താത്കാലികമായി നിറുത്തിവച്ച് ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. അങ്ങനെയെങ്കിൽ ദീർഘദൂര ട്രെയിനുകളിൽ ഉൾപ്പെടെ ഈ സുരക്ഷാ പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കും.
 സുരക്ഷ ഉറപ്പാക്കുന്നത് ഇങ്ങനെ
റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിലെയും (ആർ.പി.എഫ്) റെയിൽവെയിലെയും സ്ത്രീ ഉദ്യോഗസ്ഥർ സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുടെ വിവരങ്ങൾ യാത്ര തുടങ്ങുന്ന സ്റ്റേഷനിൽവച്ചു തന്നെ ഈ സുരക്ഷാ ടീം ശേഖരിക്കും. തുടർന്ന് ഇവർ യാത്ര ചെയ്യുന്ന റെയിൽവെ സോണുകളിലെ സുരക്ഷാ സെല്ലുകളിലേക്ക് വിവരങ്ങൾ കൈമാറും. അസ്വാഭാവികമായി യാത്രക്കിടയിൽ എന്തെങ്കിലും ദുരനുവഭം നേരിടേണ്ടിവന്നാൽ ബന്ധപ്പെടേണ്ട ടോൾ ഫ്രീ നമ്പറുകളും യാത്രക്കാർക്ക് കൈമാറുകയും ഇവരുടെ പൂർണ നിരീക്ഷണം സുരക്ഷാ ടീം ഏറ്റെടുക്കുന്നതുമാണ് പദ്ധതി.
യാത്രക്കാർ ലക്ഷ്യസ്ഥാനത്ത് ഇറങ്ങുമ്പോൾ പദ്ധതിയുടെ ഫീഡ്ബാക്കും ഇവർ ശേഖരിക്കും. പരീക്ഷണാടിസ്ഥാനത്തിൽ കൊവിഡ് കാലത്തുതന്നെ റെയിൽവെ ഈ പദ്ധതി നടപ്പാക്കിയിരുന്നു. മുംബൈ- ജയ്പൂർ, ബാന്ദ്ര -അമൃത്സർ ട്രെയിനുകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വ്യാപകമാക്കാൻ തീരുമാനിച്ചത്.