കോങ്ങാട്: കേരള കൗമുദി വാർത്ത തുണയായി ആറുവർഷമായി കടുത്ത കുടിവെള്ളം ക്ഷാമം നേരിട്ടിരുന്ന കുനിക്കോട് കോളനി നിവാസികൾക്ക് കുഴൽക്കിണർ നിർമ്മിച്ചുനൽകി ബി.ജെ.പി കോങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകർ. കഴിഞ്ഞദിവസമാണ് കേരളകൗമുദി കോളനിയിലെ 13 കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതം വാർത്തയാക്കിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ബി.ജെ.പി നേതാക്കൾ കോളനി സന്ദർശിച്ച് ആവശ്യമായ സൗകര്യം ഏർപ്പെടുത്തുകയായിരുന്നു.
പ്രദേശത്ത് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുണ്ടെങ്കിലും ഉപയോഗശൂന്യമാണ്. ഇതോടെ കിലോമീറ്റർ നടന്ന് സമീപ പഞ്ചായത്തിലെ കുടിവെള്ളകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവർ. ഈ വിഷയച്ചിൽ അടിയന്തരമായി ഇടപെട്ട് കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ജൽ ജീവൻ മിഷൻ വഴി എല്ലാ വീടുകൾക്കും കുടിവെള്ള കണക്ഷൻ ഉറപ്പാക്കുമെന്ന് നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി എം.കെ.രാമചന്ദ്രൻ, സി.ജി.ഹരി, ശ്രീജിത്ത്, ടി.പി.സുരേഷ് എന്നിവർ നേതൃത്വം നൽകി.
കോളനി നിവാസികൾ ബില്ല് കുടിശിക വരുത്തിയതിനാൽ കെ.എസ്.ഇ.ബി വൈദ്യുത കണക്ഷൻ വിഛേദിച്ചിരിക്കുകയാണ്. കൂടാതെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മോട്ടോർ തകരാറിലാണ്. ഇത് നന്നാക്കുന്നതോടെ പ്രശ്നം പരിഹരിക്കാൻ കഴിയും
പി.ലത,
പഞ്ചായത്ത് പ്രസിഡന്റ്