പാലക്കാട്: ജില്ലയിൽ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അവശ്യമുള്ള കുട്ടികളെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കുന്ന 'കാവൽ പ്ലസ്' പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു. സന്നദ്ധ സംഘടനകളായ മേഴ്സി, അട്ടപ്പാടി സോഷ്യൽ സർവീസ് ഒാർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. 2017 മുതൽ ജില്ലാ ശിശുസംരക്ഷണ സമിതികൾ മുമ്പാകെ എത്തിയ കേസുകളുടെ അടിസ്ഥാനത്തിൽ വകുപ്പിന്റെ നേതൃത്വത്തിൽ ആറ് താലൂക്കുകളിലായി നടത്തിയ പരിശോധനയിൽ തിരഞ്ഞെടുത്ത നൂറ് കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കുട്ടികൾക്ക് ആവശ്യമായ പരിചരണം, അവരുടെ പുനരധിവാസം, സാമൂഹ്യ ഇടപെടൽ, കൗൺസിലിംഗ്, എന്നിവ സന്നദ്ധ സംഘടനകൾ നേരിട്ടെത്തി പരിശോധിച്ച് ഉറപ്പാക്കും. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം ഒാരോ വർഷവും വർദ്ധിച്ചു വരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് വനിതാ ശിശുവികസന വകുപ്പ് കാവൽ പ്ലസ് പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
ജില്ലയിൽ ഈ വർഷം ആഗസ്റ്റുവരെ 164 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ മലപ്പുറത്താണ് 277 കേസ്. ഏറ്റവും കുറവ് എറണാകുളം സിറ്റിയിലും. ഇവിടെ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 58 കേസുകൾമാത്രമാണ്.