പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിന്റെ രണ്ടരേക്കർ മുറ്റം മുഴുവൻ നിലക്കടലയും കൂർക്കയും പപ്പായയും മധുരക്കിഴങ്ങും വിളഞ്ഞുനിൽക്കുകയാണ്. ഇവിടെയുള്ള തടവുകാർക്ക് വരുംനാളുകൾ വിളവെടുപ്പിന്റേതാണ്.
ജയിൽ വളപ്പിലെ നാലു സെന്റിൽ കൃഷിയിറക്കിയ നിലക്കടലയുടെ വിളവെടുപ്പ് ഉദ്ഘാടനം ഇന്നലെ മലമ്പുഴ കൃഷി ഓഫീസർ പത്മജ നിർവഹിച്ചു. 30 കിലോയോളം നിലക്കടല ലഭിച്ചതായി അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം കൂർക്ക കൃഷിയുടെ വിളവെടുപ്പും നടന്നിരുന്നു.
നിലവിൽ ശീതകാല വിളയായ കോളിഫ്ലവറും കടുകുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. മലമ്പുഴ കൃഷി ഭവനിൽനിന്നും എത്തിച്ച 80 കോളിഫ്ലവർ തൈകളാണ് മൂന്നുസെന്റിലായി നട്ടിരിക്കുന്നത്. നാലുസെന്റിൽ കടുകും തഴച്ചു വളരുന്നുണ്ട്. കഴിഞ്ഞ സീസണിൽ കരനെൽ കൃഷിയിൽ നൂറുമേനി കൊയ്‌തെടുത്തതിനെ തുടർന്ന് ഇത്തവണ ഞാറുനട്ട് ഇരുപൂവ് കൃഷിക്കും അധികൃതർ തുടക്കം കുറിച്ചിട്ടുണ്ട്. 90 ദിവസം മൂപ്പുള്ള കെ.എസ്.ബി- 16 എന്ന വിത്താണ് ഉപയോഗിച്ചിട്ടുള്ളത്. ആദ്യകൊയ്ത്തിൽ 180 കിലോ നെല്ലാണ് ജയിലിന്റെ അടുക്കളയിലേക്കെത്തിച്ചത്.
കഴിഞ്ഞദിവസം വിളവെടുത്ത 15 കിലോ റാഗിയും രണ്ടര ക്വിന്റൽ മധുരക്കിഴങ്ങും പുറത്ത് വിപണിയിലേക്ക് നൽകിയിരുന്നു. ഇതിന് പുറമേ പൂകൃഷിയിലും മലമ്പുഴ ജില്ലാ ജയിൽ വരുമാനം ഉണ്ടാക്കുന്നുണ്ട്. ചെണ്ടുമല്ലി 35 കിലോയും വാടാമല്ലി പത്തു കിലോയുമാണ് വില്പന നടത്തിയത്. 3500 രൂപയാണ് ഇവയിൽനിന്നുള്ള വരുമാനം.
ജലസേചനത്തിനായി മലമ്പുഴ കൃഷിഭവനിൽനിന്നും ഡ്രിപ്പ് ഇറിഗേഷൻ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 10,000 രൂപയ്ക്ക് ജൈവളവും കൃഷിഭവൻ നൽകുന്നുണ്ട്. ജയിൽ ഭൂമി ഏതെല്ലാം കൃഷികൾക്ക് ഉപയോഗിക്കാം എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
ജയിൽ സൂപ്രണ്ട് കെ.അനിൽ കുമാർ പറഞ്ഞു