വടക്കഞ്ചേരി: മംഗലംഡാമിലെ മണ്ണും ചെളിയും നീക്കംചെയ്ത് സംഭരണശേഷി വർദ്ധിപ്പിക്കാനുള്ള യന്ത്രസാമഗ്രഹികൾ എത്തി. പത്തുദിവസത്തിനകം പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹൈദ്രബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദെർത്തി എന്ന സ്വകാര്യ കമ്പനിയാണ് മംഗലംഡാമിലെ ചെളിനീക്കുന്നതിനുള്ള കരാറെടുത്തിട്ടുള്ളത്. 17.7 കോടി രൂപയുടെ കരാർ കാലാവധി മൂന്ന് വർഷം. ജലസംഭരണിയിൽ അടിഞ്ഞ് കൂടിയ മണ്ണും ചെളിയും ഇളക്കിയെടുത്ത് പൈപ്പ് വഴി പുറത്തേക്ക് എത്തിക്കുന്ന ഡ്രെഞ്ചറും അനുബന്ധ സംവിധാനങ്ങളും മുംബൈയിൽ നിന്നാണ് റോഡുമാർഗം എത്തിച്ചത്. ജലാശയത്തിൽ നിലയുറപ്പിക്കുന്ന ഡ്രെഞ്ചർ 500 മീറ്റർചുറ്റളവിലുള്ള മണ്ണും ചെളിയും ഇളക്കിയെടുത്ത് പൈപ്പുവഴി പുറത്തേക്ക് തള്ളും.
കഴിഞ്ഞ 16ന് മുംബൈയിൽ നിന്നും പുറപ്പെട്ട ഡ്രെഞ്ചറും വഹിച്ചുള്ള ലോറി തിങ്കളാഴ്ച ഉച്ചയോടെയാണ് മംഗലംഡാമിലെത്തിയത്. ദേശീയപാതയിൽ നിന്നും രാവിലെ മംഗലംഡാം റോഡിലേക്ക് ലോറി പ്രവേശിച്ചതോടെ പലയിടങ്ങളിലും ഗതാഗത തടസമുണ്ടായി. ചിലയിടങ്ങളിൽ റോഡിന് കുറുകെ താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈനുകൾ സുഗമമായ യാത്രയ്ക്ക് തടസമായി. തുടർന്ന് മുടപ്പല്ലൂർ കെ.എസ്.ഇ.ബി സെക്ഷനിൽ നിന്നും ജീവനക്കാർ വാഹനത്തോടൊപ്പം സഞ്ചരിച്ച് തടസങ്ങൾ നീക്കുകയായിരുന്നു. ഇതേ തുടർന്ന് രാവിലെ 10 മുതൽ 3വരെ മേഖലയിൽ വൈദ്യുതി തടസവും നേരിട്ടു.
ഡ്രെഞ്ചറെ കൂടാതെ കൊച്ചിയിൽ നിന്നും ബോട്ടുമായി വന്ന ലോറിയും ഉണ്ടായിരുന്നു. മംഗലംഡാം ഉദ്യാന കവാടത്തിലെ ബോർഡ് അഴിച്ച് മാറ്റിയാണ് ഈ രണ്ട് വാഹനങ്ങളും അകത്തേക്ക് പ്രവേശിച്ചത്. യന്ത്രസാമഗ്രഹികളുടെ ഫിറ്റിംഗ്സും ക്രമീകരണങ്ങളുമൊക്കെ പൂർത്തിയാക്കി പത്ത് ദിവസത്തിനുള്ളിൽ തന്നെ ചെളിനീക്കൽ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. മണ്ണും ചെളിയും നീക്കി സംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് മംഗലം ഡാമിൽ ആരംഭിക്കുന്നത്.
ചിത്രം. മംഗലംഡാമിലെ ചെളിനീക്കുന്നതിനായിട്ടുള്ള യന്ത്രം കയറ്റിവന്ന ലോറി കടന്ന് പോകാൻ കഴിയാതെ ഉദ്യാന കവാടത്തിൽ