അഗളി: അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതി പ്രദേശത്തെ ഈട്ടി മരങ്ങൾ നാടിന് കൗതുകക്കാഴ്ചയാണ് ഒരുക്കുന്നത്. ചിറ്റൂർ, കുറവൻപാടി, കട്ടേക്കാട് പ്രദേശത്താണ് തനതായി വളർന്ന കൂട്ടമായുള്ള ഈട്ടി മരങ്ങളുള്ളത്. കാഴ്ചയിൽ ഇവ നട്ടുവളർത്തിയ തോട്ടം പോലെ തോന്നും. ഇതിൽ നൂറ്റാണ്ട് പ്രായമുള്ള കൂറ്റൻ മരങ്ങളുമുണ്ട്. ശിരുവാണി പുഴയോരത്തെ മനോഹരമായ കാഴ്ചയാണ് ഇവിടത്തെ ഈട്ടിക്കാടുകൾ. നിരവധി സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
1971ലാണ് വാലി ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം ചിറ്റൂരിൽ തുടങ്ങിയത്. കുടിയേറ്റ കർഷകരുടെ പ്രധാന മേഖലയാണ് ഡാം നിർമ്മാണത്തിനായി കണ്ടെത്തിയത്. ഫലഭൂയിഷ്ടമായ മണ്ണിൽ നാണ്യവിളകളും ഹ്രസ്വകാല വിളകളും തഴച്ചുവളർന്നു. കർഷരുടെ വിയർപ്പ് വീണ മണ്ണിലാണ് ഇന്ന് ഈട്ടികൾ തളിരിട്ട് നിൽക്കുന്നത്.
പദ്ധതിക്കായി 305 ഹെക്ടർ സ്വകാര്യ ഭൂമിയും 70 ഹെക്ടർ വനഭൂയുമാണ് വേണ്ടിയിരുന്നത്. ഇതിൽ 203.92 സ്വകാര്യ ഭൂമിയും 13.78 ഹെക്ടർ വനഭൂമിയും ഏറ്റെടുത്തിരുന്നു. പൊന്നുവിളയിച്ച മണ്ണിൽ പ്രതീക്ഷയോടെയാണ് കർഷകർ ഡാമിനായി കാത്തിരിക്കുന്നത്. ഇവിടെ ഉണ്ടായിരുന്ന ആദിവാസി കുടുംബങ്ങളെയും പദ്ധതിക്കായി മാറ്റി പാർപ്പിച്ചു. എന്നാൽ തമിഴ്‌നാടിന്റെ എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു.
നേരത്തെ പദ്ധതി പ്രദേശത്ത് വളർന്നുവന്ന ഈട്ടിമരങ്ങൾ പതിവായി മോഷണം പോകാറുണ്ടായിരുന്നു. അരനൂറ്റാണ്ടായി ഡാം നിർമ്മാണം എന്നെങ്കിലും നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. കോടിക്കണക്കിന് വിലവരുന്ന വനസമ്പത്തും ഇനി എന്താകുമെന്നറിയില്ല. ഭൂമി പലയിടത്തും കൈയേറി പോയിട്ടുണ്ട്. അട്ടപ്പാടിയിൽ രൂക്ഷമാകുന്ന ജലക്ഷാമത്തിന് പരിഹാരമായി ഡാം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.