agali
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അഗളി മുക്കാലിയിൽ കർഷകർ കൂർക്ക കൃഷി നടത്തുന്നു.

അഗളി: സുഭിക്ഷ കേരളം തരിശുനില കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ കാർഷിക വിപ്ലവം സൃഷ്ടിച്ച് പുതുതലമുറ കർഷകർ. മേഖലയിലെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതികളിൽ ഉൾപ്പെടുത്തി 240 ഹെക്ടർ തരിശുനിലത്തിലും കൃഷി വകുപ്പിന്റെ നേരിട്ടുള്ള ധനസഹായത്തോടെ 192 ഹെക്ടർ തരിശുനിലത്തിലും കൃഷിയിറക്കി സംസ്ഥാനത്തുതന്നെ മാതൃകയായി ബ്ലോക്ക് മാറി.

അട്ടപ്പാടിയിലെ തന്നെ വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിൽ പച്ചക്കറി, വാഴ, കരനെല്ല്, കിഴങ്ങുവർഗം, പയറുവർഗം, നിലക്കടല, ഇഞ്ചി എന്നിവയ്ക്ക് പുറമെ ഗോത്ര നിവാസികളുടെ പരമ്പരാഗത കൃഷിയായ ചെറുധാന്യങ്ങളും മണ്ണിലിറക്കിയാണ് കർഷകർ വിസ്മയം തീർത്തിരിക്കുന്നത്.

പതിറ്റാണ്ടുകളായി കാടുകയറി കിടന്ന ഏക്കർ കണക്കിന് ഭൂമിയാണ് സുഭിക്ഷ കേരളത്തിലൂടെ വിള നിലങ്ങളായി മാറിയത്. കൊവിഡിനെ തുടർന്ന് നാട്ടിലെത്തിയ പ്രവാസികളും തൊഴിൽ നഷ്ടപ്പെട്ട യുവാക്കളും ധനസഹായമില്ലാതെ തരിശിട്ടിരുന്ന ഭൂവുടമകളും ഒത്തുചേർന്നതോടെ കാര്യങ്ങൾ അതിവേഗത്തിലായി. അഗളി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ തരിശുനില കൃഷി. ആകെ 275 ഹെക്ടറിലാണ് പഞ്ചായത്തിൽ സുഭിക്ഷ കേരളം നടപ്പാക്കുന്നത്. ഷോളയൂരിൽ 87 ഹെക്ടറിലും പുതൂരിൽ 70 ഹെക്ടറിലും കൃഷിയിറക്കി.

ബ്ലോക്ക് പഞ്ചായത്തിന്റെ നേരിട്ടുള്ള നിർവഹണത്തിൽ 88 കർഷക ഗ്രൂപ്പുകളെ ആനുകൂല്യം നൽകുന്നതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതി പ്രകാരമുള്ള ഉല്പന്നങ്ങൾ വിപണനം നടത്തുന്നതിന് അഗളി മിനി സിവിൽ സ്റ്റേഷന് സമീപം ഒരു സംഭരണ കേന്ദ്രവും പ്രവർത്തിച്ച് വരുന്നുണ്ട്.