kanal
വെള്ളമെത്തിയ ചേരാമംഗലം കനാൽ.

വടക്കഞ്ചേരി: താലൂക്കിലെ മലമ്പുഴ കനാലുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. തൊഴിലുറപ്പിന്റെ നേതൃത്വത്തിലാണ് മെയിൻ കനാൽ, സബ് കനാൽ, കാഡ കനാൽ എന്നിവയിലെ മണ്ണുനീക്കൽ നടക്കുന്നത്. ചേരാമംഗലം പദ്ധതിയുടെ കീഴിലുള്ള പ്രധാന കനാലുകളുടെ മണ്ണെടുപ്പ് പൂർത്തിയായി. നിലവിൽ കാഡ കനാലുകളിലെ പണികളാണ് ബാക്കിയുള്ളത്.

മലമ്പുഴ പദ്ധതിയുടെ കീഴിൽ സ്ലൂയിസ് ഒന്ന്, എരിമയൂർ ബ്രാഞ്ച് കനാലിന്റെ പറക്കുന്നം കാഡ പുനരുദ്ധാരണം എന്നിവ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ആലത്തൂർ പഞ്ചായത്ത്, കൃഷിഭവൻ, വാട്ടർ യൂസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ രണ്ടാംവിളയ്ക്ക് തയ്യാറാക്കിയ കലണ്ടർ അനുസരിച്ചാണ് കൃഷിക്കുള്ള മുന്നൊരുക്കം നടത്തുന്നത്.

ഇതനുസരിച്ച് 15 ദിവസം കൊണ്ട് ഒക്ടോബർ 30ന് ഞാറ്റടി തയ്യാറാക്കിയിരുന്നു. ഇന്നുമുതൽ 20നുള്ളിൽ നിറ ഹരിത മിത്ര സൊസൈറ്റിയുടെ സഹകരണത്തോടെ വനിതാ തൊഴിൽസേനയുടെ നേതൃത്വത്തിൽ നടീൽ പൂർത്തിയാക്കും. ഏകീകൃത നെൽക്കൃഷിക്കാണ് തയ്യാറെടുക്കുന്നത്. ചേരാമംഗലം പദ്ധതിയിലെ ആലത്തൂർ പഞ്ചായത്തിലെ 1000 ഏക്കർ, മലമ്പുഴ പദ്ധതിയിലെ 450 ഏക്കർ, പോത്തുണ്ടി പദ്ധതിയിലെ 50 ഏക്കറിലുമാണ് ഏകീകൃത കൃഷി നടപ്പാക്കുന്നത്.

ചേരാമംഗലം കനാലിലൂടെ വെള്ളമെത്തി

ചേരാമംഗലം കനാലിലൂടെ വെള്ളമെത്തിയതോടെ പദ്ധതിക്ക് കീഴിലെ മേലാർകോട്, എരിമയൂർ, ആലത്തൂർ, കാവശേരി പഞ്ചായത്തുകളിലെ മൂവായിരത്തോളം ഹെക്ടറിലെ രണ്ടാംവിള കൃഷിക്ക് ആശ്വാസമായി. പുഴയിലൂടെ ഒഴുകി പാഴാകുന്ന വെള്ളമാണ് കർഷകരുടെ ആവശ്യപ്രകാരം കനാലിലേക്ക് തുറന്നിരിക്കുന്നത്. ഞാർ നടുന്നതിനായി പാടങ്ങൾ ഉഴുതുമറിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. തുലാമഴ പെയ്യാതിരുന്നതിനാൽ പല പാടങ്ങളും വരണ്ട അവസ്ഥയാണ്. കനാലുകൾ വൃത്തിയാക്കുന്ന പണികൾ പൂർത്തിയായതോടെയാണ് വെള്ളം തുറന്നുവിട്ടത്. ഒക്ടോബർ പകുതിയോടെ കൃഷിപ്പണി ആരംഭിക്കാൻ നിർദേശം നൽകിയിരുന്നുവെങ്കിലും ഭൂരിഭാഗം കർഷകർക്കും അതിനു സാധിച്ചിട്ടില്ല. നിലവിൽ ഡാമുകളിൽ വെള്ളമുണ്ടെങ്കിലും ശുദ്ധജല വിതരണത്തിനും കൃഷിപ്പണികൾക്കും ആവശ്യത്തിനു വെള്ളം ലഭിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.