പാലക്കാട്: ദേശീയപാതയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും വർദ്ധിക്കുമ്പോൾ കുതിരാൻ തുരങ്കം ഉടൻ തുറക്കണമെന്ന ആവശ്യം ശക്തം. ഈ മാസം ജോലി പുനഃരാരംഭിച്ച് ജനുവരി ആദ്യം തുരങ്കം തുറക്കണമെന്ന് കേന്ദ്രം ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും കടമ്പകളേറെയാണ്.
ഇടതുതുരങ്കത്തിന്റെ 90ഉം വലതുതുരങ്കത്തിന്റെ 60 ശതമാനവും പൂർത്തിയായി. നിർമ്മാണ കമ്പനിയായ കെ.എം.സി ഉപകരാറുകാർക്ക് കോടികളാണ് കുടിശിക നൽകാനുള്ളത്. കൂലി കിട്ടാത്തതിനാൽ തൊഴിലാളികൾ ജോലി പുനഃരാരംഭിക്കില്ലെന്ന നിലപാടിലാണ്. ഇടതുതുരങ്കത്തിന്റെ അകത്ത് പകുതിയിലേറെ കോൺക്രീറ്റിംഗ് പൂർത്തിയാകാനുണ്ട്.
വൈദ്യുതി, ഡ്രൈനേജ്, എക്സോസ്റ്റ്, അഗ്നിശമന മാർഗം എന്നിവ കൂടി പൂർത്തിയായാലേ യാത്ര സുരക്ഷിതമാകൂ. എൻ.എച്ച്.എ.ഐ സുരക്ഷാ ഓഡിറ്റ്, ഫയർ ആന്റ് സേഫ്ടി പരിശോധന നടത്തി റിപ്പോർട്ട് നൽകണം. പൊലീസിനുള്ള കൺട്രോൾ സ്റ്റേഷൻ നിർമ്മാണവും പൂർത്തിയാകണം. ഇതിന് ആറുമാസമെങ്കിലുമെടുക്കും.
ചരക്കുനീക്കത്തിന്റെ പാത
ഉത്തരേന്ത്യയടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് മദ്ധ്യകേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാന പാതയാണിത്. പ്രതിദിനം ആയിരക്കണക്കിന് ചരക്കുവാഹനങ്ങളാണ് ഇതുവഴി പോകുന്നത്. വാഹനപെരുപ്പവും റോഡിന്റെ ശോച്യാവസ്ഥയും കാരണം അപകടവും ദിവസങ്ങൾ നീളുന്ന ഗതാഗതക്കുരുക്കും പതിവായപ്പോഴാണ് 945 മീറ്റർ ഇരട്ടതുരങ്ക പാതയ്ക്ക് പദ്ധതി തയ്യാറാക്കിയത്.
നാൾ വഴികൾ
29 കി.മീ. ദൈർഘ്യമുള്ള വടക്കഞ്ചേരി- മണ്ണുത്തി റോഡ് 2012 ജൂൺ 30ന് തുറക്കണമെന്ന് കരാർ.
ഭൂമി ഏറ്റെടുത്ത് കമ്പനിക്ക് കൈമാറിയതു 2013 മേയ് 30ന്.
2014 ഒക്ടോബറിൽ ആരംഭിച്ച തുരങ്ക നിർമ്മാണം 2019ൽ പൂർത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.
കൂലിയും നിർമ്മാണ സാമഗ്രികളുടെ വിലയും നൽകുന്നതിൽ കുടിശിക വന്നതോടെ പണിമുടക്ക്.
ഇരുപതിലധികം തവണ നിർമ്മാണം പല കാരണത്താൽ നിറുത്തേണ്ടി വന്നു.