election

പാലക്കാട്: വീണ്ടുമൊരു തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയപ്പോൾ നെല്ലറയിലെ ഏറ്റവും വലിയ ആവേശപ്പോരാട്ടം ജില്ലാ ആസ്ഥാനത്തെ നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കുന്നത് സംബന്ധിച്ച് തന്നെയാണ്. മൂന്ന് മുന്നണികളും വാശിയേറിയ മത്സരത്തിന് കോപ്പുകൂട്ടുമ്പോൾ ആരോപണങ്ങളും വിവാദങ്ങളും നഗരത്തിന്റെ ഓരോ കോണുകളിലും കൊഴുക്കുകയാണ്.

നഗരസഭയിലെ വോട്ടർമാർക്ക് മുന്നിൽ ബി.ജെ.പി ഭരണ സമിതിക്കെതിരായുള്ള കുറ്റപത്രം സമർപ്പിച്ചാണ് എൽ.ഡി.എഫ് തിരെഞ്ഞടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി ബി.ജെ.പി നടത്തിയ തിരഞ്ഞെടുപ്പ് വാഗ്ദാന ലംഘനങ്ങളും അഴിമതിയും കുറ്റപത്രത്തിൽ അക്കമിട്ട് നിരത്തുന്നുണ്ട് എൽ.ഡി.എഫ്. ഇതിനെ പ്രതിരോധിക്കാൻ അമൃത് പദ്ധതിയിലെ വികസന നേട്ടം പ്രചരണായുധമാക്കുകയാണ് ബി.ജെ.പി. കഴിഞ്ഞ തവണ നഷ്ടമായ ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും തന്ത്രങ്ങളുമായി കച്ചമുറുക്കി രംഗത്തിറങ്ങുന്നതോടെ വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണം ടോപ്പ് ഗിയറിലേക്ക് മാറുമെന്നുറപ്പായി.

എല്ലാവരുടെയും വീട്ടിൽ ശുദ്ധജലം, ശാസ്ത്രീയ മാലിന്യ സംസ്‌കരണ പദ്ധതി, തെരുവുനായ-കന്നുകാലി ശല്യത്തിന് ശാശ്വത പരിഹാരം, എല്ലാ റോഡുകളിലും തെരുവ് വിളക്കുകൾക്കായി ജ്യോതിർ നഗരം പദ്ധതി, ഗതാഗത കുരുക്കില്ലാത്ത നഗരം, ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനം, എല്ലാവർക്കും ഭവനം, സ്വയം തൊഴിൽ സ്റ്റാർട്ട് അപ്പുകൾ, സ്റ്റുഡന്റ്സ് ഓൺലി ബസുകൾ തുടങ്ങിയ നിരവധി വാഗ്ദാനങ്ങളാണ് ബി.ജെ.പി നടത്തിയത്.

വാഗ്ദാനങ്ങളെല്ലാം ലംഘിച്ചെന്നാണ് ബി.ജെ.പിക്കെതിരെ ഇടതുമുന്നണിയുടെ ആരോപണം. അമൃത് പദ്ധതിയിലെ കോടികളുടെ വികസന പദ്ധതികൾ ഒന്നുപോലും പൂർത്തീകരിച്ചിട്ടില്ല. മുനിസിപ്പൽ സ്റ്റാന്റ്, ടൗൺ ഹാൾ അനക്സ്, ശകുന്തള ജംഗ്ഷനിലെ യന്ത്രഗോവണി തുടങ്ങിയ പദ്ധതികളുടെയെല്ലാം നിർമ്മാണം പാതിവഴിയിലാണെന്നും എൽ.ഡി.എഫ് നേതാക്കൾ പറയുന്നു.

പ്രകാശനം ചെയ്തു

കുറ്റപത്രം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.ബി.രാജേഷ് പ്രകാശനം ചെയ്തു. ഏരിയ സെക്രട്ടറി വിജയൻ, ടി.കെ.നൗഷാദ്, സി.പി.ഐ ജില്ലാ ജോ.സെക്രട്ടറി കെ.കൃഷ്ണൻകുട്ടി. ജനതാദൾ ജില്ലാ ജന.സെക്രട്ടറി ബഷീർ, എൻ.സി.പി ജില്ലാ സെക്രട്ടറി കബീർ വെണ്ണക്കര പങ്കെടുത്തു.