bridge
മംഗലം പാലം

വടക്കഞ്ചേരി: രാജ്യം സ്വതന്ത്ര്യമാകുന്നതിന് മുമ്പ് നിർമ്മിച്ച മംഗലം പാലം പുതുക്കിപ്പണിയാൻ ഒടുവിൽ മന്ത്രിസഭയുടെ അനുമതി. മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയിലെ പ്രധാന പാലങ്ങളിലൊന്നാണിത്. 1943ൽ ബ്രിട്ടീഷ് ഭരണകാലത്താണ് നിർമ്മിച്ചത്.

2018ലെ പ്രളയത്തിൽ പൂർണമായും വെള്ളത്തിനടിയിലായ പാലത്തിന്റെ പല ഭാഗങ്ങളും തകർന്ന അവസ്ഥയിലാണ്. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ പാലം പുനർനിർമ്മിക്കാൻ 3.8 കോടി വകയിരുത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചെങ്കിലും ദർഘാസ് ക്ഷണിച്ച തുകയ്ക്ക് കരാറേടുക്കാൻ ആരും തയ്യാറാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് 17.44% അധിക തുകയ്ക്ക് കരാർ നൽകാൻ മന്ത്രിസഭ അനുമതി നൽകുകയായിരുന്നു. ഇതോടെ പ്രദേശവാസികളുടെ നീണ്ടകാല ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്.

രൂക്ഷമായ ഗതാഗതക്കുരുക്ക്

തമിഴ്നാട്ടിൽ നിന്നുള്ള ചരക്കുവാഹനങ്ങൾ ഉൾപ്പെടെ പ്രതിദിനം നിരവധി വാഹനങ്ങൾ മംഗലം പാലം കടന്നാണ് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നത്. ഇടുങ്ങിയ പാലമായതിനാൽ ഒരു സമയം ഒരു വാഹനത്തിന് മാത്രമേ കടന്നുപോകാനാകൂ. ഇതുമൂലം പ്രദേശത്ത് ഗതാഗതക്കുരുക്ക് പതിവാണ്. പാലം പുനർ നിർമ്മിക്കുന്നതോടെ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.