പാലക്കാട്: വിവിധാവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ ഏഴായിരത്തോളം ഡീലർമാർ നടത്തിയ സമരം സർക്കാർ ഇടപെട്ട് അവസാനിപ്പിച്ചിട്ടും സമിന്റ് വിലയിൽ കുറവില്ല. ഇതോടെ ജില്ലയിലെ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലായി. ഭവന നിർമ്മാണ പദ്ധതികളും വലിയ കെട്ടിടങ്ങളുടെ പണികളും പാതിവഴിയിൽ നിറുത്തി വയ്ക്കേണ്ടി വന്നത് ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളെ വീണ്ടും ദുരിതത്തിലാക്കും.
50 കിലോയുള്ള ഒരു ചാക്ക് സിമന്റിന് 460 മുതൽ 500 രൂപ വരെയാണ് വിപണി വില. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം വർദ്ധിച്ചത് 80 രൂപ. കേരളത്തിലെ 70% സിമന്റ് വിപണിയും നിയന്ത്രിക്കുന്നത് തമിഴ്നാട് കേന്ദ്രീകരിച്ച് ഉല്പാദനം നടത്തുന്ന ഇന്ത്യാ സിമന്റ്, എ.സി.സി, രാംകോ, അൾട്രാടെക് പോലുള്ള കമ്പനികളാണ്. ഡീലേഴ്സിന്റെ സമരം കാരണം കഴിഞ്ഞ മാസങ്ങളിൽ ലോഡുകൾ വരാത്തത് സിമന്റ് ക്ഷാമത്തിന് ഇടയാക്കി. ഇതോടെ വിലയും കുത്തനെ കൂടി.
പ്രതിമാസം ജില്ലയിലേക്ക് തമിഴാനാട്ടിൽ നിന്നുമാത്രം 50000 ടൺ സിമന്റാണ് എത്തുന്നത്. ജില്ലയിലാകെ 250 ഓളം സിമന്റ് ഡീലേഴ്സാണുള്ളത്. ഇവരിൽ 90% ആളുകളും സമരത്തിൽ പങ്കെടുത്തിരുന്നു. മലബാർ സിമന്റ്, കഞ്ചിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെറുകിട സ്വകാര്യ കമ്പനികളും മാത്രമാണ് ഈ കാലയളവിൽ സിമന്റ് വിപണിയിലെത്തിച്ചത്, അത് അപര്യാപ്തമാണ്. തമിഴ്നാട്ടിൽ നിന്ന് കൂടുതൽ ലോഡെത്തിയില്ലെങ്കിൽ നിർമ്മാണ മേഖല പൂർണമായും സ്തംഭിക്കും.
ഇനി വില കുറയ്ക്കാൻ കഴിയില്ല
ചാക്കൊന്നിന് 443 രൂപ ഡീലർമാർ കമ്പനിയിൽ അടയ്ക്കുമ്പോൾ 400 രൂപയ്ക്കാണ് സിമന്റ് വിൽക്കുക. ഈ 43 രൂപ പിന്നീട് കമ്പനി ഡീലർമാർക്ക് വകവച്ചുകൊടുക്കുകയാണ് പതിവ്. ഇങ്ങനെ അടച്ച തുകയിൽ 250 കോടിയോളം സംസ്ഥാനത്തെ ഏഴായിരത്തോളം ഡീലർമാർക്ക് കിട്ടാനുണ്ടെന്ന് ആൾ കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു.
മുൻ കാലങ്ങളിൽ ചാക്ക് ഒന്നിന് മാർക്കറ്റ് വിലയിൽ നിന്ന് 50 മുതൽ 60 രൂപവരെ കുറച്ചാണ് ഡീലർമാർ വിറ്റിരുന്നത്. ഈ ഡിസ്കൗണ്ട് തുക കമ്പനി തരില്ലെന്ന നിലപാട് സ്വീകരിച്ചതോടെ മാർക്കറ്റ് വിലയ്ക്ക് അനുസരിച്ച് സിമന്റ് വില്പന നടത്തേണ്ടി വരും. പഴയ രീതി തുടർന്നാൽ ഒരു ബാഗിന് 50 രൂപയുടെ നഷ്ടം സഹിക്കണമെന്നും ഡീലേഴ്സ് പറയുന്നു.
ലോക്ക് ഡൗണിന് മുമ്പ് ഒരു ചാക്ക് സിമന്റിന്റെ വില 350 രൂപ
ജൂൺ- ജൂലായ് മാസങ്ങളിൽ അത് 420 രൂപയായി ഉയർന്നു
നിലവിൽ പ്രമുഖ ബ്രാൻഡുകൾക്ക് 460- 500 രൂപ