വടക്കഞ്ചേരി: പാലക്കുഴി മലയുടെ താഴ്വാരമായ കൊന്നക്കൽക്കടവിനെ ലക്ഷ്യംവച്ച് ക്വാറി മാഫിയകൾ സജീവം. ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത്.
കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോല മേഖലയായി കണ്ടെത്തിയ സ്ഥലത്താണ് പാറപൊട്ടിക്കാനുള്ള അനുമതിതേടി ക്വാറി മാഫിയകൾ പഞ്ചായത്തിന് അപേക്ഷ നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ചിരുന്നു.
കൊന്നക്കൽ കടവിന്റെ അരകിലോമീറ്റർ ചുറ്റളവിൽമാത്രം 150 ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മൂന്നുകിലോമീറ്റർ പരിധിയിൽ നിലവിൽ മൂന്ന് ക്രഷർ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പാറപൊട്ടിക്കാനുള്ള അനുമതി നൽകിയാൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കാലവർഷത്തിൽ ഉരുൾപൊട്ടലുകൾക്കും സാദ്ധ്യതയുണ്ടെന്ന ഭീതിയിലാണ് നാട്ടുകാർ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മാണം പുരോഗമിക്കുന്ന പാലക്കുഴി തീണ്ടില്ലം ജലവൈദ്യുത പദ്ധതിയും തടയണയും ഇതിന് സമീപത്താണ് എന്നത് ആശങ്കവർദ്ധിപ്പിക്കുന്നു.
അപേക്ഷ നൽകുന്നത് മൂന്നാംതവണ
ആനയടിയൻ പരുതയിലെ സർക്കാർവക പുറമ്പോക്ക് ഭൂമിക്ക് വ്യാജ ആധാരങ്ങളുണ്ടാക്കി 2007ലാണ് കൊന്നയ്ക്കൽ കടവിൽ ക്വാറി ആരംഭിക്കാനായി സ്വകാര്യ വ്യക്തി പഞ്ചായത്തിന് അപേക്ഷ നൽകുന്നത്. ഇതിനെതിരെ ഫീനിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ പരാതി നൽകുകയും ഹൈക്കോടതിയിൽ കേസ് നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി 17.12 ഏക്കർ പുറമ്പോക്ക് ഭൂമി സർക്കാർ തിരിച്ചുപിടിച്ചു.
സംസ്ഥാന സർക്കാർ 2017ൽ ഖനന നിയമത്തിൽ ഇളവുകൾ അനുവദിച്ചതോടെ ക്വാറിക്കായുള്ള നീക്കം വീണ്ടും ആരംഭിച്ചു. ലഘു ഖനനത്തിന് എന്ന പേരിൽ കൊന്നയ്ക്കൽ കടവ് മുതൽ അമ്പിട്ടൻ തരിശ് വരെയുള്ള 15.95 ഹെക്ടർ സ്ഥലത്ത് ക്വാറി അനുമതിക്കായുള്ള അനുബന്ധ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചുവെങ്കിലും ജനകീയ പ്രക്ഷോപത്തിന് മുന്നിൽ ക്വാറി മാഫിയകൾ മുട്ടുമടക്കുകയായിരുന്നു.
ഇപ്പോൾ വീണ്ടും അപേക്ഷ നൽകിയിരിക്കുകയാണ് ഇവർ.
അതീവ പരിസ്ഥിതി ലോല മേഖലയും, ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശവുമാണെന്ന് പഠനത്തിൽ കണ്ടെത്തിയ സ്ഥലത്ത് പുതിയ ക്വാറി /ക്രഷർ യൂണിറ്റുകൾക്ക് അനുമതി നൽകേണ്ട എന്നാണ് കിഴക്കഞ്ചേരി പഞ്ചയാത്തിന്റെ തീരുമാനം. എന്നാൽ, ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് അപേക്ഷകർ.
ഹരിദാസ്, പ്രകൃതിയുടെ കാവലാൾ
2007 മുതൽ ഹരിദാസ് ഖനന മാഫിയയുമായുള്ള നേർക്കുനേർ യുദ്ധത്തിലാണ്, ഇന്നും അത് തുടരുന്നു. കൊന്നക്കൽകടവ് - ആനയടിയാൻ പരുതയിലെ സർക്കാർ ഭൂമി കൈയേറാനുള്ള ക്വാറി മാഫിയകളുടെ ശ്രമം കോടതി കയറിയിറങ്ങിയാണ് ഹരിദാസ് പ്രതിരോധിച്ചത്. പിന്നീട് മാഫിയകൾ പ്രദേശത്തെ കാർഷിക ഭൂമികൾ വാങ്ങികൂട്ടി പുതിയ തന്ത്രവുമായെത്തിയപ്പോൾ നീതിക്കായി ഈ പരിസ്ഥിതി സ്നേഹി സമീപിച്ചത് ഹരിത ട്രിബൂണലിനെയായിരുന്നു. ഇവിടെ നിന്ന് ഹരിദാസ് സമ്പാദിച്ച അനുകൂല ഉത്തരവിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അഡ്വ. ഹരീഷ് വാസുദേവനെയാണ് തനിക്കായി വാദിക്കാൻ ഹരിദാസ് തിരഞ്ഞെടുത്തത്. പോരാട്ടം അവസാനിക്കുന്നില്ലെന്നും അവസാന ശ്വാസം വരെ കൊന്നക്കൽകടവിന്റെ സംരക്ഷണത്തിനായി പോരാടുമെന്നും അദ്ദേഹം പറയുന്നു.