squash
നെല്ലിയാമ്പതി ഓറഞ്ച് ഫാമിൽ ഉല്പാദിപ്പിക്കുന്ന സ്ക്വാഷ്

നെല്ലിയാമ്പതി: ഒരിടവേളയ്ക്ക് ശേഷം പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളെത്തിയതോടെ സർക്കാർ ഓറഞ്ച് ഫാമിനും പുതുജീവൻ വച്ചു. ഓറഞ്ചിന്റെ വിളവെടുപ്പും സജീവമായതോടെ സ്ക്വാഷ് ഉൾപ്പെടെയുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങൾക്കും ആവശ്യക്കാർ ഏറുകയാണ്. കഴിഞ്ഞ 20 ദിവസത്തിൽ 3.20 ലക്ഷത്തിന്റെ ഉല്പന്നങ്ങളാണ് വിറ്റത്. കൂടുതൽ സഞ്ചാരികളെത്തിയ കഴിഞ്ഞ ഞായറാഴ്ച മാത്രം 45,000 രൂപയുടെ വില്പന നടന്നു.
അവധി ദിവസങ്ങളിൽ ആയിരത്തിലധികം പേരാണ് നെല്ലിയാമ്പതിയിലെത്തുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഓറഞ്ച് ഫാമിലെ വിളവെടുപ്പ് ആസ്വദിച്ചേ ചുരമിറങ്ങുന്നുള്ളു. ആറ് വർഷത്തിന് ശേഷമാണ് നെല്ലിയാമ്പതിയിൽ ഓറഞ്ച് വിളവെടുപ്പ്. 2016ൽ നാഗ്പൂരിൽ നിന്ന് കൊണ്ടുവന്ന തൈകൾ ഫാമിലെ 25 ഹെക്ടർ സ്ഥലത്താണ് വച്ചുപിടിപ്പിച്ചത്.

കൂർഗ് മണ്ഡാരിൻ ഇനത്തിൽപ്പെട്ട അത്യുല്പാദന ശേഷിയുള്ള 6000 തൈകളാണ് വിളവെടുപ്പിന് പാകമായിട്ടുള്ളത്. മുഴുവൻ ഓറഞ്ചും സ്ക്വാഷാക്കി മാറ്റിയാണ് വില്പന. 700 മി.ലിറ്ററിന് 100 രൂപയാണ് വില.