മണ്ണാർക്കാട്: ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കണമെന്ന നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം പരിശോധന കർശനമാക്കി. നഗരം കേന്ദ്രീകരിച്ചുള്ള പരിശോധന ഗ്രാമീണ മേഖലയിലേക്കും വ്യാപിപ്പിക്കും.
പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റില്ലെങ്കിൽ വാഹനം ഓടിക്കുന്ന വ്യക്തിയുടെ ലൈസൻസ് ആദ്യതവണ മൂന്നുമാസത്തേക്ക് സസ്പെന്റ് ചെയ്യും. ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും. ഈ വർഷം ഒക്ടോബർ വരെ താലൂക്കിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 15ൽ 11 പേരും ഇരുചക്ര വാഹന യാത്രക്കാരാണ്. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് പരിശോധന.
എം.വി.ഐ രവികുമാറിന്റെ നേതൃത്വത്തിൽ എ.എം.വി.ഐ.മാരായ എം.അനിൽകുമാർ, എം.പി.മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് താലൂക്കിൽ പരിശോധന നടത്തുന്നത്.