walayar
വാളയാർ അതിർത്തിയിലെത്തിയ യാത്രക്കാർ തമിഴ്നാട് അതിർത്തി കടന്ന് ബസ് കയറുന്നതിന് നടന്ന് പോകുന്നു.

പാലക്കാട്: അൺലോക്ക് അഞ്ചാം ഘട്ടത്തിൽ തമിഴ്നാട്ടിലേക്ക് കുടുതൽ ബസ് സർവീസ് തുടങ്ങുന്നതിന് സർക്കാർ തീരുമാനം കാത്ത് കെ.എസ്.ആർ.ടി.സി. ദീപാവലിയും തമിഴ്നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമ്പോഴുണ്ടാകുന്ന തിരക്കും പരിഗണിച്ച് കൂടുതൽ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

അന്തർ സംസ്ഥാന യാത്രയ്ക്ക് കൂടുതൽ ഇളവ് പ്രഖ്യാപിച്ചതോടെ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങി നിരവധി പേരാണ് ദിവസവും അതിർത്തി കടക്കുന്നത്. നിലവിൽ അന്തർ സംസ്ഥാന സർവീസാരംഭിക്കാത്തത് മൂലം വാളയാറെത്തി അതിർത്തി വരെ നടന്ന് തമിഴ്നാട് ട്രാൻസ്പോർട്ട് സർവീസിനെയോ സ്വകാര്യവാഹനങ്ങളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ് യാത്രക്കാർക്ക്.

സ്വകാര്യ വാഹനങ്ങൾ പലപ്പോഴും അമിതമായ ചാർജ് ഈടാക്കുന്നതായും പരാതിയുണ്ട്. ദീപാവലിക്ക് ശേഷം തമിഴ്നാട്ടിൽ ഹൈസ്‌കൂളുകളും കോളജുകളും തുറക്കുന്നതിനാൽ വിദ്യാർത്ഥികളുടെ തിരക്കുണ്ടാകും. ഇത്തരമൊരു സഹാചര്യത്തിൽ കെ.എസ്.ആർ.ടി.സി അന്തർ സംസ്ഥാന സർവീസ് തുടങ്ങണമെന്നാവശ്യവും ശക്തമാണ്.

നിലവിൽ രാവിലെയും വൈകിട്ടുമായി സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് വേണ്ടിയുള്ള ബോണ്ട് സർവീസ് മാത്രമാണ് നടത്തുന്നത്. മറ്റുള്ളവർക്ക് കൂടി സർവീസ് പ്രയോജനപ്പെടുന്ന രീതിയിൽ വിപുലമാക്കാനുള്ള ചർച്ച നടക്കുന്നു. പാലക്കാട്, കോയമ്പത്തൂർ കലക്ടർമാരുമായി ചർച്ച നടത്തിയെങ്കിലും സർക്കാരിന്റെ അനുമതിക്ക് തീരുമാനം വിട്ടു.

ടി.എ.ഉബൈദ്,​ എ.ടി.ഒ.