
പാലക്കാട്: ലൈഫ് മിഷൻ ഭവനപദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ജില്ലയിലെ 85.09 ശതമാനം വീടുകളുടെയും നിർമ്മാണം പൂർത്തിയായി. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർക്കാണ് രണ്ടാംഘട്ടത്തിൽ വീട് അനുവദിച്ചത്. ആകെ ലഭിച്ച 22450 അപേക്ഷയിൽ 13629 പേരെയാണ് അർഹരായി കണ്ടെത്തിയത്. ഇതിൽ 12064 പേർ ജനറൽ വിഭാഗക്കാരാണ്. എസ്.സി, എസ്.ടി വിഭാഗങ്ങളിലായി യഥാക്രമം 1449, 116 പേരും അന്തിമ പട്ടികയിൽ ഇടംപിടിച്ചു.
ജില്ലയിൽ ഇതിനോടകം 10988 വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. 912 വീടുകളുടെ മെയിൻ വാർപ്പും 529 വീടുകളുടെ ലിറ്റൽ വാർപ്പും കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ഒന്നാംഘട്ടത്തിൽ അർഹരായ 8090 പേരിൽ 7580 പേർക്കും വീട് ലഭിച്ചു. 3836 പട്ടികവർഗക്കാർക്കും 517 പട്ടികജാതി വിഭാഗത്തിനും ആദ്യഘട്ടത്തിൽ വീട് ലഭിച്ചു.ഇതിൽ 773 വീടുകളും അനുവദിച്ചത് പഞ്ചായത്ത് പരിധിയിലാണെന്നത് ശ്രദ്ധേയമാണ്.
മൂന്നാംഘട്ടത്തിൽ ഒരുങ്ങുന്നത് പാർപ്പിട സമുച്ചയങ്ങൾ
സ്വന്തമായി ഭൂമിയില്ലാത്ത ആളുകൾക്ക് ഭൂമി കണ്ടെത്തി പാർപ്പിട സമുച്ചയങ്ങൾ നിർമ്മിച്ച് നൽകുന്നതാണ് മൂന്നാംഘട്ടം. 32330 ഭൂരഹിതരിൽ 11635 പേർ വീടിനും സ്ഥലത്തിനും അർഹരാണെന്നാണ് പരിശോധനയിൽ കണ്ടെത്തി. ജനറൽ വിഭാഗത്തിൽ 8167പേർ, ഒ.ബി.സി 1232, എസ്.സി 2024, എസ്.ടി 212 എന്നിങ്ങനെയാണ് അർഹരായവരുടെ പട്ടിക. ഇതിൽ 1262 പേർ സ്വന്തമായും 190 പേർ സർക്കാർ സഹായത്തിലും ഭൂമിവാങ്ങിയിട്ടുണ്ട്. 20 പേർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രണ്ട് പേർക്ക് സ്വകാര്യ വൃക്തികളും ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. ഭൂമി ലഭിച്ച 179 പേരുടെ വീടിന്റെ നിർമ്മാണം ഇതിനോടകം പൂർത്തിയാക്കാൻ കഴിഞ്ഞതായി അധികൃതർ പറയുന്നു.
മൂന്നാംഘട്ടത്തിൽ ജില്ലയിൽ ചിറ്റൂർ മുനിസിപാലിറ്റിയിലെ വെള്ളപ്പന കോളനിയിലും കൊടുമ്പിലുമാണ് രണ്ട് പാർപ്പിട സമുച്ചയങ്ങൾ ഒരുങ്ങുന്നത്. 5.19 കോടി രൂപയുടെതാണ് ചിറ്റൂരിലെ പദ്ധതി. ഇതിനായി കണ്ടെത്തിയ സ്ഥലം പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസിയായ ഹാബിറ്റാറ്റിന് കൈമാറി. തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെണ്ടറും അംഗീകരിച്ചിട്ടുണ്ട്. കൊടുമ്പിലെ സമുച്ചയം 5.15 കോടിയുടേതാണ്. ഡൽഹി ആസ്ഥാനമായ സ്ഥാപനമാണ് ഇതിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
ജെ.അനീഷ്,
ജില്ലാ കോ-ഒാർഡിനേറ്റർ, ലൈഫ് മിഷൻ