ചെർപ്പുളശ്ശേരി: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ നെല്ലായയിൽ സി.പി.എമ്മിനെതിരെ മത്സരിക്കാനൊരുങ്ങി സി.പി.ഐ. എട്ടു വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്തി ഇത്തവണ തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് സി.പി.ഐ തീരുമാനം. നെല്ലായയിൽ ഇടതു മുന്നണിയിലെ പ്രശ്നങ്ങൾ മണ്ഡലം കമ്മറ്റിയിലും ജില്ലാ കമ്മറ്റിയിലും ചർച്ച ചെയ്തിരുന്നുവെങ്കിലും സി.പി.എം ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്ന് സി.പി.ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.ബിജു പറഞ്ഞു.
നെല്ലായയിൽ സി.പി.എം ഇടതു ചിന്താഗതിയിൽ നിന്നും വ്യതിചലിച്ച് ക്വാറി മാഫിയകൾക്കും കോൺട്രാക്ടർമാർക്കും ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കുള്ള പലരും സി.പി.എം നിലപാടുകളിൽ പ്രതിഷേധിച്ച് സി.പി.ഐയുമായി സഹകരിക്കുന്നുണ്ട്. ഇടതുപക്ഷ ചിന്താഗതിയുമായി വരുന്നവരെ പാർട്ടി സ്വീകരിക്കും. പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കാത്ത വാർഡുകളിൽ സി.പി.ഐയുമായി സഹകരിക്കുന്നവർക്ക് ഒപ്പം നിൽക്കുമെന്നും പി.ബിജു അറിയിച്ചു.
നെല്ലായയിൽ സി.പി.എം ഭരണ സമിതിക്കെതിരെ നേരത്തെ തന്നെ സി.പി.ഐ അഴിമതി ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മുന്നണി ബന്ധം ഉപേക്ഷിച്ച് ഒറ്റക്കു മത്സരിക്കാനുള്ള തീരുമാനം സി.പി.ഐ. എടുത്തിരിക്കുന്നത്. ഒരു സീറ്റിലാണ് കഴിഞ്ഞ തവണ സി.പി.ഐ പഞ്ചായത്തിൽ മത്സരിച്ചത്.