death

പാലക്കാട്: മുൻ എം.എൽ.എയും സി.പി.എം പാലക്കാട് ഏരിയ കമ്മിറ്റിയംഗവുമായ പറക്കുന്നം മന്ദത്ത് വീട്ടിൽ എം.നാരായണൻ (55) നിര്യാതനായി. കൊവിഡ് ബാധിതനായി ഗവ. ജില്ലാ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം. രണ്ടുതവണ കുഴൽമന്ദം എം.എൽ.എ ആയി. ദീർഘകാലം സി.പി.എം പാലക്കാട് ഏരിയ സെക്രട്ടറി, എസ്.എഫ്‌.ഐ ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ ഏരിയ കമ്മിറ്റിയംഗമാണ്.

കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ -ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമാണ്.

ഇന്നലെ രാവിലെ 11.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സംസ്‌കരിച്ചു. പരേതരായ മണപ്പുള്ളിയും ചിന്നയുമാണ് മാതാപിതാക്കൾ. ഭാര്യ: പ്രേമ. മക്കൾ: നാൻസി, നവീൻ.