തൃത്താല: തിരുമിറ്റക്കോട് കിഴക്ക്, പടിഞ്ഞാറ്, രായമംഗലം, നെല്ലിക്കാട്ടിരി പാടശേഖരങ്ങളിലെ 98 ഹെക്ടറോളം നെൽകൃഷിക്ക് പ്രയോജനമാകേണ്ട പമ്പ് ഹൗസ് നവീകരണം നീളുന്നു.
2016 ൽ പുതുക്കിപണിത പമ്പ് ഹൗസ് തുടർന്ന് വന്ന രണ്ടുപ്രളയത്തിലും വെള്ളത്തിൽ മുങ്ങി. നിലവിൽ കനാലുകളിൽ ചോർച്ചയുള്ളതിനാൽ പാടശേഖരങ്ങളിലേക്ക് കൃത്യമായി വെള്ളം എത്താറില്ല. പൈപ്പുകൾ കാലപ്പഴക്കം കാരണം തുരുമ്പെടുത്ത് വലിയ ചോർച്ചയുണ്ട്. പഴക്കം ചെന്ന മോട്ടോറുകളുടെ കേടുപാടും കൂടിയാകുമ്പോൾ വെള്ളം പമ്പ് ചെയ്യുക ദുഷ്കരമാണ്. മൂന്ന് മോട്ടോറുകളിലെ 25 കുതിരശക്തിയുള്ള ഒരെണ്ണം പൂർണമായും പ്രവർത്തന രഹിതമാണ്.
ആറ് പതിറ്റാണ്ടിന്റെ പഴക്കം
പഞ്ചായത്തിലെ നെൽകൃഷിയുടെ സഹായത്തിനായി ഉൾനാടൻ കാർഷിക ജലസേചന പദ്ധതിയിൽ ഉൾപ്പെടുത്തി 60 വർഷം മുമ്പാണ് അഞ്ചുമൂർത്തി ക്ഷേത്രത്തിന് സമീപം ഭാരതപ്പുഴയോരത്ത് പമ്പ് ഹൗസ് നിർമ്മിച്ചത്. ഇത് നവീകരിച്ച് വിപുലമാക്കിയാൽ 350 ഹെക്ടർ നെൽകൃഷിക്ക് ഗുണകരമാകും. നിലവിൽ വെള്ളം ലഭിക്കുന്ന രായമംഗലം പാടശേഖരത്തിന് സമീപത്തെ ഇരിങ്കൂറ്റൂർ, പെരിങ്കന്നൂർ, ഒഴുവത്ര, ഇട്ടോണം പാടശേഖരങ്ങളിലൂടെ ഒരു കനാൽ കൂടി വേണം. അത് യാഥാർത്ഥ്യമായാൽ നിലവിൽ രണ്ടുവിള കൃഷി ചെയ്യുന്ന ഈ മേഖലയിൽ പുഞ്ചകൃഷിയും നടക്കും.
പുതിയ കനാൽ നിർമ്മിക്കണമെന്നാവശ്യപെട്ട് കൃഷിവകുപ്പ്, ഇറിഗേഷൻ, നബാർഡ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് വഴി രൂപരേഖയുണ്ടാക്കി സർക്കാരിലേക്ക് സമർപ്പിച്ചാലേ പദ്ധതി സാദ്ധ്യമാവൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണസമിതി തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.