വടക്കഞ്ചേരി: ഒരു ഇടവേളക്ക് ശേഷം മലയോര മേഖലയിൽ വാനില കൃഷി സജീവമാകുന്നു. ജില്ലയിൽ വടക്കഞ്ചേരി, കിഴക്കഞ്ചേരി പ്രദേശങ്ങളിലാണ് വാനില കൃഷിയുടെ തിരിച്ചുവരവിന് മണ്ണൊരുങ്ങുന്നത്. വില കുറഞ്ഞതിനെ തുടർന്നാണ് ഇടക്കാലത്ത് കർഷകർ വാനിലയെ ഉപേക്ഷിച്ചത്. ഇപ്പോൾ വിലവർദ്ധിച്ചതോടെ പലരും കൃഷി പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഒരു കിലോ വാനിലയ്ക്ക് നിലവിൽ 1500 രൂപയാണ് വിപണി വില. ഉണങ്ങിയ വാനിലയ്ക്ക് 7000 മുതൽ 9000 രൂപവരെ വിലയുണ്ട്. നേരത്തെ പച്ച വാനിലയ്ക്ക് 5000 രൂപവരെയും ഉണങ്ങിയതിന് 20,000 വരെയും ലഭിച്ചിരുന്നു.
തണുത്ത കാലാവസ്ഥയിൽ കൃഷിചെയ്യുന്ന വാനില സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ളത് ഇടുക്കി, മൂന്നാർ ഭാഗങ്ങളിലാണ്. പാലക്കാട് ജില്ലയിൽ വടക്കഞ്ചേരിയെ കൂടാതെ അട്ടപ്പാടി മേഖലയിലും വാനില കൃഷി ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് പ്രധാനമായും മൂന്നുതരം വാനിലകളാണുള്ളത്. കെമിക്കൽ, ഫ്‌ളേവർ, ഒർജിനൽ.
ഐസ്‌ക്രീം, ചോക്ലേറ്റ്, മറ്റു ഭക്ഷ്യ ഉത്പന്നങ്ങളിൽ ചേർക്കുന്നതിനാണ് വാനില കൂടുതലായും ഉപയോഗിക്കുന്നത്. വേനൽക്കാലമാകുന്നതോടെ പാനീയ വിൽപ്പന സജീവമാകുമ്പോഴേക്കും വാനില സംസ്‌കരിച്ച് വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്. ഒരുചെടിയിൽ നിന്ന് 10 മുതൽ 15 കിലോവരെ വിളവെടുക്കാൻ കഴിയുമെന്ന് ജില്ലയിലെ വാനില കച്ചവടക്കാരനായ വടക്കഞ്ചേരി സ്വദേശി കെ.പി.എൽദോസ് പറയുന്നു.