പാലക്കാട്: മീനാക്ഷിപുരത്ത് ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ നവീകരിച്ച പാൽ പരിശോധനാ കേന്ദ്രത്തിൽ പുതിയ മൈക്രോ ബയോളജി ലാബ് പ്രവർത്തം സജ്ജമായി. അയൽ സംസ്ഥാനങ്ങളിൽ നിന്നുവരുന്ന പാലിലെ സൂക്ഷ്മാണുക്കളെ കണ്ടെത്താനാണ് അതിർത്തി ചെക്ക് പോസ്റ്റിൽ ലാബ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.
സംസ്ഥാനത്ത് ഇതാദ്യമായാണ് അണു ഗുണനിലവാര പരിശോധനയ്ക്കുള്ള ലാബ് ആരംഭിക്കുന്നത്. ഇതുവഴി മായം ചേർത്തത് മാത്രമല്ല ബാക്ടീരിയ, ഫംഗസ് പോലുള്ള സൂക്ഷ്മാണുക്കൾ അടങ്ങിയ പാലും ഇനി അതിർത്തികടന്നെത്തുന്നത് തടയാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു. തമിഴ്നാട്, കർണാടക തുടങ്ങിയ
അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും പാൽ എത്തുന്നത്. ഇൗ പാലിൽ രാസപദാർത്ഥങ്ങളോ മായമോ അടങ്ങിയിട്ടുണ്ടോ എന്നു മാത്രമാണ് ഇതുവരെ പരിശോധിച്ചിരുന്നത്. കൂടാതെ കൊഴുപ്പ്, കൊഴുപ്പിതര പദാർത്ഥങ്ങളുടെ ഗുണനിലവാര പരിശോധനയും നടന്നിരുന്നു. എന്നാൽ, പാലിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗുണനിലവാര പരിശോധന നടത്താൻ തീരുമാനിച്ചത്.
ലാബിന്റെ പ്രവർത്തനം ഇങ്ങനെ
ലാബിൽ അനലിസ്റ്റുകളുടെ സഹായത്തോടെ നടത്തുന്ന പരിശോധനയിൽ രണ്ട് ദിവസത്തിനുള്ളിൽ ഫലം അറിയാം. സാധാരണ രീതിയിലുള്ള പാൽ പരിശോധനകളുടെ ഫലം 20 മിനിറ്റിനുള്ളിലും അറിയാൻ കഴിയും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന വിധത്തിൽ പാലിൽ സൂക്ഷ്മാണുക്കളുടെ സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയാൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരമറിയിച്ച് നടപടികൾ സ്വീകരിക്കും.
പാലിൽ ആന്റിയോട്ടിക്സ്, അഫ്ളടോക്സിൻ തുടങ്ങിയവയുടെ സാന്നിദ്ധ്യം ഉണ്ടോയെന്നും കണ്ടെത്താൻ പുതിയ ലാബിലൂടെ സാധിക്കും. നിലവിൽ പ്രതിദിനം 120 സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്.
ജെ.എസ്.ജയസുജീഷ്,
ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസനവകുപ്പ്