election

മണ്ണാർക്കാട്: എൽ.ഡി.എഫിന്റെ പേരിൽ രണ്ട് സ്ഥാനാർത്ഥികളുടെ ഫ്ളക്സുകളുയർന്നതോടെ നഗരസഭയിൽ ശ്രദ്ധാകേന്ദ്രമായി മാറിയ നായാടിക്കുന്ന് ആരുകയറുമെന്ന ആകാംക്ഷയിലാണ് പ്രദേശവാസികൾ. സി.പി.എമ്മിലെ മൻസൂറും സി.പി.ഐ.യിലെ നാസറുമാണ് മത്സരാർത്ഥികൾ. പാർട്ടികളുടെ പൂർണ്ണമായ ആശിർവാദത്തോടെയാണ് ഇരുവരും പ്രചരണവുമായി മുന്നോട്ടുപോകുന്നത്.

തങ്ങൾ സ്ഥിരം മത്സരിക്കുന്ന വാർഡായതിനാൽ മുന്നണിധാരണ പ്രകാരം സ്ഥാനാർത്ഥിത്വം സി.പി.എം അംഗീകരിക്കണമെന്നാണ് സി.പി.ഐ നിലപാട്. എന്നാൽ സ്ഥാനാർത്ഥിക്ക് കൂടുതൽ വിജയസാദ്ധ്യത ഉള്ളതിനാൽ തങ്ങൾ മത്സരിക്കുമെന്നാണ് സി.പി.എം പറയുന്നത്. തർക്കം പരിഹരിക്കാൻ മുന്നണിതല ചർച്ച നടന്നെങ്കിലും ഫലം കണ്ടില്ല. യു.ഡി.എഫിനായി ലീഗിലെ സമദ് പൂവക്കോടനാണ് മത്സരിക്കുന്നത്. ഇതിനെതിരെ ലീഗിലെ ചിലർ ഫേസ് ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തിയത് മുന്നണിക്ക് തലവേദനയായെങ്കിലും ആരോപണമെല്ലാം ലീഗ് തള്ളുന്നു. വെൽഫെയർ സ്ഥാനാർത്ഥിയായി കെ.വി.അമീറും സ്വതന്ത്രരും രംഗത്തുണ്ട്.

നിലവിൽ ലീഗാണ് വാർഡിനെ പ്രതിനിധാനം ചെയ്യുന്നത്. തങ്ങളുടെ കോട്ടയായി ലീഗ് കരുതുന്ന വാർഡിൽ 93 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ ജയിച്ചത്. തർക്കം തുടരുകയും മുന്നണിയുടെ പേരിൽ രണ്ടുപേർ മത്സരിക്കുകയും ചെയ്താൽ അത് എൽ.ഡി.എഫിന് ഏറെ ദോഷം ചെയ്യും. മണ്ണാർക്കാട്, കുമരംപുത്തൂർ, തെങ്കര തുടങ്ങിയ ഭാഗങ്ങളിലും സി.പി.എം- സി.പി.ഐ തർക്കം രൂക്ഷമാണ്.