election

ചിറ്റൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അതിർത്തിയോട് ചേർന്നുള്ള പഞ്ചായത്തുകളിൽ മുന്നണികളുടെ കണക്കൂകൂട്ടലിനപ്പുറത്തേക്ക് കാര്യങ്ങൾ മാറിമറിയുമെന്ന് സൂചന. കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിൽ ജാതിമത വിഭാഗങ്ങളും ചെറുകക്ഷികളും പ്രാദേശിക നീക്കുപോക്കുകളുമാണ് പ്രധാനമായും വിധി നിർണയിക്കുക. ഇതിന്റെ ഭാഗമായുള്ള ചർച്ചകളും മുന്നണി ധാരണകളും പുരോഗമിക്കുകയാണ്.

നിലവിൽ കൊഴിഞ്ഞാമ്പാറ എൽ.ഡി.എഫും വടകരപ്പതി എൽ.ഡി.എഫിനൊപ്പം ചേർന്ന് ആർ.ബി.സിയും എരുത്തേമ്പതിയിൽ യു.ഡി.എഫുമാണ് ഭരണം. നേരത്തെ മൂന്ന് പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പമായിരുന്നു. ആർ.ബി.സി കനാൽ നീട്ടണമെന്നാവശ്യവുമായി തമിഴ് കത്തോലിക്ക വിഭാഗം ആർ.ബി.സി മുന്നണി രൂപീകരിച്ച് രംഗത്തുവന്നതോടെ വടകരപ്പതി പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായത്. ഇത്തവണയും എൽ.ഡി.എഫ്-ആർ.ബി.സി സഖ്യചർച്ച നടന്നുവരികയാണ്.

സ്വാധീന ഘടകം

എരുത്തേമ്പതിയിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇവിടെ എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പിയും നിർണായക ഘടകമാണ്. ആർ.ബി.സിയിൽ ഭിന്നത രൂക്ഷമായതായാണ് സൂചന. ഇത് മുതലാക്കാനുള്ള തന്ത്രമാണ് വടകരപ്പതിയിൽ യു.ഡി.എഫ് മെനയുന്നത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടപ്പെട്ടത് കോൺഗ്രസിലെ വിഭാഗീയത കാരണമാണ്. എ.ഐ.എ.ഡി.എം.കെ രണ്ടുസീറ്റ് നേടിയതും സ്വാധീനിച്ചു.

സീറ്റ് ചർച്ച

ഇത്തവണ കൊഴിഞ്ഞാമ്പാറയിൽ ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ ജനകീയ സ്ഥാനാർത്ഥികളുമായി ഭരണം നിലനിറുത്താൻ എൽ.ഡി.എഫും രംഗത്തുണ്ട്. സീറ്റ് ചർച്ച യു.ഡി.എഫ് പൂർത്തിയാക്കി. വാർഡുയോഗം ചേർന്ന് സ്ഥാനാർത്ഥികളെ തീരുമാനിക്കാനുണ്ട്. എൽ.ഡി.എഫിന്റെ സീറ്റ് ചർച്ച നടക്കുന്നു. വടകരപ്പതിക്ക് പുറമേ എരുത്തേമ്പതിയിലും ആർ.ബി.സിയുമായി ധാരണ ശക്തമാക്കി മുന്നേറാമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.