election

ചെർപ്പുളശേരി: തദ്ദേശ തിരഞ്ഞെടുപ്പ് അങ്കം മുറുകുമ്പോൾ വാശിയേറിയ പോരാട്ടത്തിനാണ് ഇത്തവണ നഗരസഭ സാക്ഷ്യം വഹിക്കുക. 2015ലാണ് പഞ്ചായത്തായിരുന്ന ചെർപ്പുളശേരി നഗരസഭയായത്. പഞ്ചായത്തായിരിക്കുമ്പോൾ സി.പി.എമ്മിനായിരുന്നു അപ്രമാദിത്വം. നഗരസഭയായപ്പോൾ ആദ്യ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നഗരം പിടിച്ചെടുത്തു.

33 വാർഡിൽ 15 സീറ്റിൽ വിജയിച്ചാണ് ഇടതുക്യാമ്പിനെ ഞെട്ടിച്ച് യു.ഡി.എഫ് അധികാരത്തിലേറിയത്.14 സീറ്റിൽ ഇടതുമുന്നണി ഒതുങ്ങിയപ്പോൾ രണ്ടിടത്ത് ബി.ജെ.പിയും നേട്ടമുണ്ടാക്കി.

യു.ഡി.എഫ്

ഭരണം നിലനിറുത്താനുള്ള പോരാട്ടത്തിനാണ് ഇത്തവണ ഇറങ്ങുന്നത്. സ്ഥാനാർത്ഥി പട്ടിക പ്രഖാപിച്ചിട്ടില്ലെങ്കിലും വൈസ് ചെയർമാനായിരുന്ന കെ.കെ.അസീസ് ഉൾപ്പടെ പ്രമുഖർ ഇത്തവണയും മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന. അഞ്ചുവർഷത്തെ വികസന നേട്ടം നിരത്തി ഭരണം നിലനിറുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

എൽ.ഡി.എഫ്

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി പ്രചരണം തുടങ്ങി. മുതിർന്ന നേതാവ് സി.രാഘവൻ, മുൻ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.രാമചന്ദ്രൻ, വ്യാപാര വ്യവസായ സമിതി നേതാവ് എൻ.സുകുമാരൻ എന്നിവർ മത്സര രംഗത്തുണ്ട്. സർക്കാരിന്റെ ഭരണനേട്ടങ്ങളും നഗരസഭാ ഭരണസമിതിയുടെ പേരായ്മകളും ആയുധമാക്കി അധികാരം പിടിക്കാനാകുമെന്നാണ് പ്രതീക്ഷ.

എൻ.ഡി.എ

2015ൽ രണ്ട് സീറ്റുനേടിയ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ഇത്തവണ കൂടുതൽ സീറ്റ് ലക്ഷ്യം വച്ചാണ് മത്സരിക്കുന്നത്. ഇടത്- വലത് മുന്നണികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താനാണ് നീക്കം. സ്ഥാനാർത്ഥി പട്ടിക അന്തിമ ഘട്ടത്തിലാണ്.