പാലക്കാട്: ജില്ലാ പഞ്ചായത്തിലെ കാൽനൂറ്റാണ്ടുകാലത്തെ ഇടതാധിപത്യം ഇത്തവണയും തുടരുമോ? ലോക്സഭാ തിരഞ്ഞെടുപ്പിലെ അട്ടമറികൾ യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോ? ചരിത്രത്തിൽ ആദ്യമായി ജില്ലാപഞ്ചായത്തിലേക്ക് ഒരു പ്രതിനിധിയെ അയക്കാൻ എൻ.ഡി.എക്ക് കഴിയുമോ എന്നിങ്ങനെ പലചോദ്യങ്ങളാണ് ജില്ലാ പഞ്ചയാത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉയരുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് എൽ.ഡി.എഫ് പ്രഖ്യാപിക്കും. യു.ഡി.എഫും എൻ.ഡി.എയും വരുംദിവസങ്ങളിൽ പട്ടിക ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ചിത്രം കൂടുതൽ വ്യക്തമാകും.
1991ൽ പ്രഥമ ജില്ലാ പഞ്ചായത്ത് നിലവിൽ വന്നതുമുതൽ ഇടതുപക്ഷമാണ് ജില്ലാപഞ്ചായത്തിന്റെ ഭരണചക്രം നിയന്ത്രിച്ചിരുന്നത്. ആദ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്നത് ഇപ്പോഴത്തെ മന്ത്രി എ.കെ.ബാലനായിരുന്നു. 1995 കെ.വി.വിജയദാസ്, 2000ൽ കെ.വി.രാമകൃഷ്ണൻ, 2005ൽ സുബൈദ ഇസ്ഹാഖ്, 2010ൽ ടി.എൻ.കണ്ടമുത്തൻ എന്നിവരാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നത്. കഴിഞ്ഞ തവണ അഡ്വ. കെ.ശാന്തകുമാരിയുമാണ് ജില്ലാ പഞ്ചായത്തിന്റെ സാരഥ്യം ഏറ്റെടുത്തത്.
ആകെ 30 ഡിവിഷനുകളിൽ 27 സീറ്റും ഇടതുമുന്നണിയാണ് വിജയിച്ചത്. ഇതിൽ 20 സീറ്റുകൾ സി.പി.എം, നാല് സീറ്റിൽ സി.പി.ഐ, രണ്ട് ജനതാദൾ എസ്, ഒരു സീറ്റിൽ എൻ.സി.പി എന്നിങ്ങനെയാണ് വിജയിച്ചത്. യു.ഡി.എഫിന് ആകെ മൂന്ന് ഡിവിഷനുകളാണ് ഉള്ളത്. കൊടുവായൂർ, തിരുവേഗപ്പുറ, കാഞ്ഞിരപ്പുഴ ഡിവിഷനുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത്.
വിമതശല്യത്തെ തുടർന്ന് ഉറച്ച ഡിവിഷനായ അലനല്ലൂർ ലീഗിന് നഷ്ടമാകുകയും സി.പി.എം വിജയിക്കുകയും ചെയ്തു. തെങ്കരയിൽ സി.പി.ഐ വിജയിക്കുകയും ചെയ്തു. ഇത്തവണ ലീഗിലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നാണ് നേതൃത്വം പറയുന്നത്. അതേസമയം ഇത്തവണ ഇടതുമുന്നണിയിലാണ് പ്രശ്നങ്ങൾ തലപൊക്കിയിട്ടുള്ളത്. ചിലവാർഡുകളിൽ സി.പി.എമ്മും സി.പി.ഐയും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചിട്ടുണ്ട്. മുന്നണി ധാരണകൾക്ക് വിപരീതമായുള്ള ഇത്തരം മത്സരങ്ങൾ മുന്നണിക്ക് പൊതുവിൽ ദോഷംചെയ്യും.
കഴിഞ്ഞ അഞ്ചുവർഷത്തിൽ ജില്ലാപഞ്ചായത്ത് വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിൽ ഊന്നിയുള്ള പ്രചരണത്തിനാണ് ഇടതുമുന്നണി മുൻതൂക്കം നൽകുന്നത്. കാൽനൂറ്റാണ്ട് ഭരണം കൈയ്യാളിയിട്ടും പറയത്തക്ക വലിയ വികസനം കാഴ്ചവെയ്ക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ലെന്നും സർക്കാരിന്റെ അഴിമതിയും അധോലോക ബന്ധവും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് വോട്ടർമാരെ സമീപിക്കുന്നത്. എൻ.ഡി.എ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ നിന്ന് പ്രതിനിധികളെ ജില്ലാ പഞ്ചായത്തിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലുമാണ്. ഇത്തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സ്ത്രീ സംവരണമാണ്. കഴിഞ്ഞ വർഷം മത്സരിച്ച് വിജയിച്ച അഡ്വ. കെ.ശാന്തകുമാരി ഇത്തവണ മത്സര രംഗത്ത് ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെയെങ്കിൽ കഴിഞ്ഞ ഭരണസമിതിയിലെ വിദ്യാഭ്യാസ വികസന സമിതി ചെയർമാൻ പി.ബിനുമോളെയാവും പരിഗണിക്കുക എന്നാണ് അറിയുന്നത്.