elephant
കലകട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കലക്ടർ ഡി.ബാലമുരളി സംസാരിക്കുന്നു.

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദ്ദേശ പത്രിക നാളെ മുതൽ സ്വീകരിക്കും. അവസാന തിയതി: 19. 20ന് സൂക്ഷ്മ പരിശോധന നടത്തും. 23 വരെ പിൻവലിക്കാം.

കൊവിഡ് പശ്ചാത്തലത്തിൽ നോമിനേഷൻ സമർപ്പിക്കാൻ മൂന്നുപേരിൽ കൂടുതൽ പോകരുത്. വീടുകൾ കയറിയുള്ള പ്രചരണത്തിന് അഞ്ചുപേരിൽ കൂടുതലാവരുത്. നാമനിർദേശ പത്രികകൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ചുമതലപ്പെടുത്തിയ റിട്ടേണിംഗ് ഓഫീസർ, അസി.റിട്ടേണിംഗ് ഓഫീസർ എന്നിവർക്ക് അവരുടെ ഓഫീസിൽ സമർപ്പിക്കണം. ഇവരിൽ ആർക്കെങ്കിലും കൊവിഡ് പോസിറ്റീവ് ആകുകയാണെങ്കിൽ പകരം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. പുതുക്കിയ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പേര് ചേർക്കുന്നതിനായി നൽകിയ അപ്പീൽ മാത്രമാണിനി പരിഗണിക്കുക. പുതിയ അപേക്ഷ സ്വീകരിക്കില്ല.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പഴയ ഭരണ സമിതിയുടെ പരസ്യങ്ങൾ, സർക്കാർ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ബോർഡുകൾ എന്നിവ നീക്കം ചെയ്യണം. പുതിയ പദ്ധതി ആരംഭിക്കാനാവില്ല. നടപ്പുപ്രവൃത്തികൾ തുടരും. പൂർത്തിയായ പ്രവൃത്തികൾക്ക് പണമനുവദിക്കും.

തിരഞ്ഞെടുപ്പ് പ്രചരണം പൂർണമായും പരിസ്ഥിതി സൗഹൃദമായിരിക്കണം. മണ്ണിൽ ലയിച്ചുചേരുന്ന വസ്തുക്കളുപയോഗിച്ചുള്ള സാമഗ്രി മാത്രമേ പ്രചരണത്തിനുപയോഗിക്കാവൂ. പോളിംഗ് ബൂത്തുകളിൽ ജൈവ, അജൈവ മാലിന്യം ശേഖരിക്കുന്നതിന് പ്രത്യേക സജ്ജീകരണം നടത്തുകയും തിരഞ്ഞെടുപ്പിന് ശേഷം ഇവ ശാസ്ത്രീയമായി സംസ്‌കരിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും.

കളക്ടറേറ്റിൽ നടന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കളക്ടർ ഡി.ബാലമുരളിയാണ് ഇക്കാര്യം അറിയിച്ചത്. ഡെപ്യൂട്ടി കലക്ടർ വി.കെ.രമ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.