election

ചിറ്റൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നണിയായുള്ള പ്രവർത്തനം തുടങ്ങിയിട്ടില്ലെങ്കിലും നല്ലേപ്പിള്ളി പഞ്ചായത്തിൽ ചുമരെഴുത്തും വീടുകയറിയുള്ള പ്രചരണവും തകൃതിയായി പുരോഗമിക്കുന്നു. മിക്ക വാർഡുകളിലും സി.പി.എം, കോൺഗ്രസ് സ്ഥാനാർത്ഥികൾ രംഗപ്രവേശം ചെയ്തുകഴിഞ്ഞു. മുന്നണിയായുള്ള പ്രവർത്തനം അടുത്താഴ്ചയോടെ സജീവമാകും.

ഇത്തവണ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. അതുകൊണ്ടു തന്നെ മുന്നണികൾ ഉറപ്പുള്ള സീറ്റിൽ പ്രസിഡന്റ് സ്ഥാനാർത്ഥികളെ കണ്ടെത്തിക്കഴിഞ്ഞു. പഞ്ചായത്ത് പിടിച്ചെടുക്കാൻ യു.ഡി.എഫും കഴിഞ്ഞ തവണത്തേതിനെക്കാൾ കൂടുതൽ സീറ്റുനേടി ഭരണം തുടരാൻ എൽ.ഡി.എഫും രംഗത്തുണ്ട്.

അഞ്ചാം വാർ‌ഡിൽ പൊടിപാറും

എൽ.ഡി.എഫിലെ പ്രധാന കക്ഷിയായ സി.പി.എം സ്ഥാനാർത്ഥികൾ മൂന്ന്, അഞ്ച് വാർഡുകളിൽ ആഴ്ചകൾക്ക് മുന്നേ സജീവമായി. യു.ഡി.എഫ് സ്ഥാനാർത്ഥിയും പ്രചരണത്തിൽ മുന്നിലുണ്ട്. ഏക സിറ്റിംഗ് വാർഡായ ഇവിടെ ബി.ജെ.പി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ്.

കക്ഷിനില

ആകെയുള്ള 19 സീറ്റിൽ സി.പി.എം-10, ജനതാദൾ (എസ്)-നാല്, കോൺഗ്രസ്-നാല്, ബി.ജെ.പി-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.