മണ്ണാർക്കാട്: വോട്ടെടുപ്പിന് ഒരു മാസം സമയമുണ്ട്. സ്ഥാനാർത്ഥികളെ തപ്പിയെടുക്കാൻ തന്നെ മുന്നണികൾ പെടാപ്പാട് പെടുന്നു.
ഇതിനിടെ അടുത്ത നഗരസഭാദ്ധ്യക്ഷനാരെന്ന ചർച്ച നാട്ടിലെങ്ങും സജീവമായി. ഭരണം പിടിക്കാൻ ഇരുമുന്നണികൾക്കും ഒരുപോലെ സാദ്ധ്യതയുള്ളതിനാൽ ചെയർമാൻ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പാണ് ചർച്ച കൊഴുക്കുന്നത്.
സാദ്ധ്യത ബഷീറിനും സെബാസ്റ്റ്യനും
നഗരത്തിൽ യു.ഡി.എഫിന് നേതൃത്വം നൽകുന്ന മുസ്ലിംലീഗിലെ ഫായിദ ബഷീറിന്റെ പേരാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൂടുതലായും പരിഗണിക്കുന്നത്. മണ്ണാർക്കാട്ടെ ലീഗ് നേതാക്കളിൽ പ്രധാനിയായ ഇദ്ദേഹം 17-ാം വാർഡ് മുണ്ടേക്കരാട് നിന്നാണ് ജനവിധി തേടുന്നത്. ബഷീറിന്റെ വിജയം സുനിശ്ചിതമാണെന്നും യു.ഡി.എഫ് ഭൂരിപക്ഷം നേടിയാൽ നഗരസഭാദ്ധ്യക്ഷനാകുമെന്നും അണികൾ വാദിക്കുന്നു.
ഇടതുക്യാമ്പിൽ നിലവിലെ നഗരസഭ ഉപാദ്ധ്യക്ഷൻ ടി.ആർ.സെബാസ്റ്റ്യനാണ് ഒരുപടി കൂടി കടന്ന് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. എൽ.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാൽ ഭരണ പരിചയമുള്ള മുതിർന്ന നേതാവ് എന്ന നിലയിൽ സാദ്ധ്യത ഏറെയാണ്. പഞ്ചായത്ത് പ്രസിഡന്റായും നഗരസഭ ഉപാദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം എട്ടാംവാർഡ് വടക്കേക്കരയിലാണ് ജനവിധി തേടുന്നത്.
കരുതലോടെ ബി.ജെ.പി
നഗരത്തിലെ മറ്റൊരു പ്രധാന ശക്തിയായ ബി.ജെ.പി പിടിക്കുന്ന വാർഡുകളുടെ എണ്ണവും നഗരഭരണത്തിൽ നിർണായക ഘടകമാകും. നിലവിൽ മൂന്നംഗങ്ങളുള്ള പാർട്ടി ഇരട്ടിയിലധികം വാർഡ് നേടുമെന്നാണ് അവകാശപ്പെടുന്നത്. അങ്ങനെ വന്നാൽ നിലവിലുള്ള അവിയൽ ഭരണം വീണ്ടും വരുമോ എന്ന ചോദ്യമുയരുന്നു.