എട്ടുവാർഡുകളിൽ തനിച്ച് മത്സരിക്കുമെന്ന് സി.പി.ഐ
ചെർപ്പുളശേരി: നെല്ലായ പഞ്ചായത്തിൽ സി.പി.ഐ.യെ വെട്ടിനിരത്തി തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പരിചയ സമ്പന്നർക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് പട്ടിക. 19 വാർഡുള്ള പഞ്ചായത്തിൽ ഒരു സീറ്റിലാണ് സി.പി.ഐ മത്സരിച്ചിരുന്നത്. ഇത്തവണ മുന്നണി ബന്ധത്തിൽ വിള്ളൽ വീണതിനെ തുടർന്ന് സി.പി.ഐ.യെ ഒഴിവാക്കിയാണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്.
അതേ സമയം എട്ടു വാർഡുകളിൽ തനിച്ച് മത്സരിക്കാനാണ് സി.പി.ഐ തീരുമാനം. സി.പി.എമ്മുമായി ഇടഞ്ഞ മുൻ പ്രസിഡന്റ് എൻ.ജനാർദനനും ഇത്തവണ സി.പി.ഐ പക്ഷത്തുണ്ടാകും. സി.പി.എം നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരെ സി.പി.ഐ പ്രത്യക്ഷ സമരവുമായി രംഗത്തുവന്നതാണ് മുന്നണി ബന്ധം വഷളാകാൻ കാരണം. അതുകൊണ്ട് തന്നെ ഭരണം നിലനിറുത്തേണ്ടത് ഇത്തവണ സി.പി.എമ്മിന് അഭിമാന പ്രശ്നം കൂടിയാണ്.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഷാഫി 14-ാം വാർഡ് എഴുവന്തലയിലും ബ്ലോക്ക് വൈസ് പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി.വസന്ത ഏഴാംവാർഡ് പൊമ്പിലായയിലും മത്സരിക്കും. സ്ഥിരസമിതി അദ്ധ്യക്ഷൻ എ.മൊയ്തീൻകുട്ടി 18-ാം വാർഡ് വരണമംഗലത്തും ജനവിധി തേടും.
പ്രസിഡന്റ് സ്ഥാനം പട്ടികജാതി ജനറൽ സംവരണമായതിനാൽ ഇതുകൂടി പരിഗണിച്ചുള്ളതാണ് സ്ഥാനാർത്ഥി പട്ടിക.
പുതുമുഖമായ കെ.അജേഷിനെയാണ് സി.പി.എം പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.17-ാം വാർഡ് മാരായമംഗലം സൗത്തിലാണ് കെ.അജേഷ് മത്സരിക്കുന്നത്.
വിടാതെ യു.ഡി.എഫ്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റ് കിട്ടിയ യു.ഡി.എഫും ഇത്തവണ ഭരണം പിടിക്കാനുള്ള പോരാട്ടത്തിലാണ്. ലീഗിന് മേധാവിത്വമുള്ള നെല്ലായയിൽ യു.ഡി.എഫ് ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകാൻ ധാരണയായി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി.അൻവർ സാദത്തുൾപ്പടെ ജനവിധി തേടും.
അക്കൗണ്ടിന് ബി.ജെ.പി
കഴിഞ്ഞ തവണ ചില വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ഇത്തവണ അക്കൗണ്ട് തുറക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ഇടത്, വലത് മുന്നണികൾക്ക് ശക്തമായ വെല്ലുവിളിയാകാൻ തന്നെയാണ് ബി.ജെ.പിയുടെ നീക്കം.