ഷൊർണൂർ: നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥി നിർണയും പൂർത്തിയാക്കാനാവാതെ മുന്നണികൾക്കുള്ളിൽ അനിശ്ചിതത്വം തുടരുന്നു. 33 വാർഡുകളാണ് നഗരസഭയിലുള്ളത്.
എൽ.ഡി.എഫിൽ ഭരണകക്ഷിയായ സി.പി.എം വിഭാഗീയതയുടെ കുരുക്കിൽപ്പെട്ട് പട്ടിക വെട്ടിത്തിരുത്തി വിമതപ്പടയുടെ ഭീഷണിയിൽ ഉഴലുകയാണ്. മുൻ നഗരസഭാദ്ധ്യക്ഷൻ എം.ആർ.മുരളി, നിലവിലെ ഉപാദ്ധ്യക്ഷൻ ആർ.സുനു എന്നിവർക്കടക്കം സീറ്റ് നൽകുന്നത് സംബന്ധിച്ച് തർക്കമുണ്ട്. ഇന്ന് നടക്കുന്ന ജില്ലാ കമ്മറ്റി ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും. ഇരുവർക്കും സിറ്റ് ഉറപ്പാക്കാൻ സാദ്ധ്യതയുണ്ട്. എൽ.ഡി.എഫിലെ മറ്റൊരു കക്ഷിയായ സി.പി.ഐ നാല് സീറ്റിലൊതുങ്ങും.
യു.ഡി.എഫിനുള്ളിൽ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം പടലപ്പിണക്കം മാറാെതെ അപൂർണമായി നിൽക്കുകയാണ്. ജില്ലാതലത്തിൽ ചർച്ച നടത്തി ഇന്ന് പ്രഖ്യാപനമുണ്ടായേക്കുമെന്ന് സൂചനയുണ്ട്.
എൻ.ഡി.എ.യിൽ ഒന്നാംഘട്ടമായി 24 സ്ഥാനാർത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. ഘടക കക്ഷിയായ ബി.ഡി.ജെ.എസിന് നാല് സീറ്റുകൾ നീക്കി വെച്ചിട്ടുണ്ട്. ഇതിലെ മത്സരാർത്ഥികളെ ഉടൻ തീരുമാനിക്കും.