kalpathy
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പ​ഴ​യ​ ​ക​ൽപ്പാ​ത്തി​ ​ല​ക്ഷ്മീ​നാ​രാ​യ​ണ​ ​പെ​രു​മാ​ൾ​ ​ക്ഷേ​ത്രത്തിൽ ഇന്നലെ വൈകീട്ട് നടന്ന പ്രത്യേക പൂജയ്ക്കായി അലങ്കരിച്ച ഗജവാഹനം

 കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകൾ മാത്രം

പാലക്കാട്: ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ ചടങ്ങുകൾ മാത്രമായി കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. ഒന്നാംതേര് ഉത്സവമായ ഇന്ന് രാവിലെ ഒമ്പതിന് കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും വിഗ്രഹങ്ങളെ ചെറിയ പല്ലക്കിൽ ഇരുത്തി ക്ഷേത്രാങ്കണത്തിനുള്ളിൽ തന്നെ പ്രയാണം നടത്തും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുകയെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

ഒന്നാംതേരിനോടനുബന്ധിച്ച് വിവിധ വിശേഷാൽ പൂജകളും നടക്കും. കഴിഞ്ഞ ഏഴിന് രഥോത്സവത്തിന് കൊടിയേറിയതു മുതൽ എല്ലാ ദിവസവും രാവിലെ കൽപാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം തുടങ്ങിയ നാലു ക്ഷേത്രങ്ങളിലും ദേവപാരായാണം നടന്നുവരുന്നുണ്ട്. രണ്ടാംതേര് ഉത്സവമായ നാളെ പുതിയകൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 9.30ന് ദേവരഥപ്രയാണം ക്ഷേത്രത്തിനകത്തുവച്ച് നടക്കും. 15നാണ് മൂന്നാംതേര്. 16ന് ധ്വജാവരോഹണത്തോടെ രഥോത്സവത്തിന് കൊടിയിറങ്ങും.

കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ചരിത്രത്തിൽ ആദ്യമായാണ് കൽപ്പാത്തി രഥോത്സവം ചടങ്ങുകൾമാത്രമായി നടത്തുന്നതെന്ന് കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ പറഞ്ഞു. സാധാരണ ഉത്സവത്തിന് കൊടിയേറിയ ദിവസം മുതൽ ക്ഷേത്രത്തിലേക്ക് ഭക്തരുടെ പ്രവാഹമായിരിക്കും. ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് ആളുകളാകും ദേവരഥപ്രയാണം കാണാനും പ്രയാണത്തിൽ പങ്കാളിയാകാനുമായി എത്തുക. ഭക്തിസാന്ദ്രമായ ആ അന്തരീക്ഷം കൽപാത്തിക്കാരുടെ സന്തോഷ നിമിഷങ്ങളാണ്. എന്നാൽ ഇത്തവണ ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ല. കൊടിയേറ്റത്തിനും അഞ്ചാംതിരുന്നാളിനും ഭാരവാഹികളും ബ്രാഹ്മണസമൂഹ പ്രതിനിധികളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഉത്സവം കൊടിയിറങ്ങുന്നതുവരെ ഇതേരീതി തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.