paddy-

നെന്മാറ: പോത്തുണ്ടി ജലസേചന പദ്ധതിയിലെ ആയക്കെട്ട് പ്രദേശത്തെ കർഷകർക്ക് ആശ്വാസമായി രണ്ടാംവിളയ്ക്ക് പോത്തുണ്ടി ഡാം 16ന് തുറക്കും.

ഇടത്-വലത് കനാലുകൾ രണ്ടും തുറക്കാൻ ഡാം ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി. ഡാമിൽ 52 അടി വെള്ളമുണ്ട്. നെല്ലിയാമ്പതിയിൽ നിന്ന് ഇപ്പോഴും ഡാമിലേക്ക് ചെറിയ തോതിൽ നീരൊഴുക്കുണ്ട്.

ഘട്ടങ്ങളായുള്ള ജലവിതരണത്തിലൂടെ ഫെബ്രുവരി അവസാനം വരെ ജലവിതരണം നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. തുലാമഴ ചതിച്ചതോടെ പാടങ്ങളിൽ നിന്ന് വെള്ളം വലിഞ്ഞു. രണ്ടാം വിളയ്ക്ക് ഞാർ പറിച്ച് നടുന്നതിനും ചേറ്റുവിതയ്ക്കായി വെള്ളം തുറന്നുവിട്ട പാടങ്ങളിൽ വീണ്ടും വെള്ളം കയറ്റുന്നതിനും വേണ്ടിയാണ് കർഷകരുടെ ആവശ്യ പ്രകാരം ഇപ്പോൾ കനാൽ തുറക്കുന്നത്.

നെന്മാറ, മേലാർകോട്, എലവഞ്ചേരി, അയിലൂർ, വടക്കഞ്ചേരി, വണ്ടാഴി, എരിമയൂർ പഞ്ചായത്തുകളിലായി 2711 ഹെക്ടർ കൃഷിക്കാണ് വലതുകര കനാലിലൂടെ വെള്ളം വിടുന്നത്. നെന്മാറ, അയിലൂർ, വണ്ടാഴി പഞ്ചായത്തുകളിലായി 2075 ഹെക്ടർ കൃഷിക്ക് ഇടതുകര കനാലിലൂടെയും വെള്ളം ലഭിക്കും.

നെന്മാറ മേഖലയിൽ പ്രധാന കനാലിൽ 300 മീറ്റർ ചെളി നീക്കം ചെയ്യാനുണ്ട്. തൊഴിലുറപ്പിലൂടെ 15നുള്ളിൽ നവീകരണം പൂർത്തിയാക്കി 16ന് വെള്ളം തുറന്നു വിടാനാണ് തീരുമാനം. മറ്റിടങ്ങളിലെ കനാൽ നവീകരണം പൂർത്തിയായി. വെള്ളം ലഭിക്കാത്തത് മൂലം പലയിടത്തും ഞാറുപാകിയത് മൂപ്പെത്തി നശിക്കാനും ഉണങ്ങാനും ഇടയായിരുന്നു.