rto
പാലക്കാട് ആർ.ടി.ഒ പി.ശിവകുമാർ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ വി.എ.സഹദേവൻ എന്നിവർ ചേർന്ന് ഇലക്ട്രിക് കാറിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിക്കുന്നു.

പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പരിശോധനയ്ക്കായി ജില്ലയിൽ അഞ്ച് ഇലക്ട്രിക് കാറുകൾ എത്തി. പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷ മലിനീകരണം തീരെയില്ലാത്ത ഇലക്ട്രിക് വാഹനങ്ങളാണ് ജില്ലയിലെത്തിയത്. അനർട്ടിന്റെ ഇമൊബിലിറ്റി പ്രകാരമാണ് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമായത്. പൂർണമായും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വാഹനം ഒരു തവണ പൂർണമായി ചാർജ്ജ് ചെയ്താൽ 320 കിലോ മീറ്റർ വരെ ഓടുമെന്ന് അനർട്ട് അധികൃതർ പറഞ്ഞു. ജില്ലയിൽ സിവിൽ സ്‌റ്റേഷൻ, ഒറ്റപ്പാലം, മണ്ണാർക്കാട് മേഖലയിലുൾപ്പെടെ ചാർജ്ജ് പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. റോഡ് പരിശോധന ശക്തമാക്കുന്നതിന് ഈ വാഹനങ്ങൾ സഹായകരമാകും.

സംസ്ഥാനത്താകെ 65 വാഹനങ്ങളാണ് നിരത്തിലിറക്കുന്നത്. നിലവിൽ അത്യാധുനിക ക്യാമറ സംവിധാനമുള്ള ഇന്റർ സെപ്റ്റർ വാഹനം ഉൾപ്പെടെ മൂന്നു വാഹനങ്ങളാണ് ജില്ലയിൽ ഉള്ളത്. എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്കായി ആറ് സ്‌ക്വാഡുകളുമുണ്ട്. സേഫ് കേരള പദ്ധതി വന്നതിനുശേഷം ജില്ലയിലെ വാഹനാപകടങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 31 ശതമാനം കുറഞ്ഞു. റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥിരം അപകടം ഉണ്ടാവുന്ന മേഖലകളിൽ അതിന്റെ കാരണങ്ങൾ കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം അധികൃതർ പറഞ്ഞു.

ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവയുടെ ഉപയോഗം സംബന്ധിച്ച് ബോധവത്കരണങ്ങളും നൽകുന്നുണ്ട്. പാലക്കാട് ആർ.ടി.ഒ പി.ശിവകുമാർ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ വി.എ.സഹദേവൻ എന്നിവർ ചേർന്ന് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ജോയിന്റ് ആർ.ടി.ഒ മോഹനൻ, പാലക്കാട് ഡിവൈ.എസ്.പി പി.ശശികുമാർ, ട്രാഫിക് എസ്.ഐ കാസിം, എൻഫോഴ്‌സ്‌മെന്റ് എം.വി.ഐമാർ, എ.എം.വി.ഐമാർ എന്നിവർ പങ്കെടുത്തു.