covid

മണ്ണാർക്കാട്: താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചതായി സൂപ്രണ്ട് ഡോ.എൻ.എൻ.പമീലി അറിയിച്ചു. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെയാണ് പ്രവർത്തനം. ഒരു ഡോക്ടറുടെയും സ്റ്റാഫ് നേഴ്‌സിന്റെയും സേവനമുണ്ടാകും. താലൂക്കിലെ കൊവിഡ് മുക്തരായവർക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ചികിത്സ ലഭ്യമാകും. മറ്റ് സർക്കാർ ആശുപത്രികളിൽ നിന്നും റഫർ ചെയ്‌തെത്തുന്ന കൊവിഡ് മുക്തർക്ക് മറ്റ് ദിവസങ്ങളിലും ചികിത്സ ലഭ്യമാകും.

അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലെയും കോട്ടത്തറ സർക്കാർ ട്രൈബൽ ആശുപത്രിയുടെയും റഫറൽ ആശുപത്രിയാണ് താലൂക്ക് ആശുപത്രി. തെങ്കര, കോട്ടോപ്പാടം, അലനല്ലൂർ, കുമരംപുത്തൂർ, തച്ചനാട്ടുകര, കരിമ്പ, കാരാകുറുശി, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെയും റഫറൽ ആശുപത്രിയാണ്. കൊവിഡ് പോസിറ്റീവായി ചികിത്സ പൂർത്തിയാക്കിയ ആളുകളിൽ നെഗറ്റീവായ ശേഷവും ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടുവരുന്ന സാഹചര്യത്തിലാണ് അവരെ ചികിത്സിക്കുന്നതിനായി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് താലൂക്ക് ആസ്ഥാന ആശുപത്രിയിലും പ്രത്യേക ക്ലിനിക്ക് ആരംഭിച്ചത്.

കൊവിഡ് മുക്തരാകുന്നവരിൽ 10 ശതമാനത്തിലേറെ പേർക്ക് ഗുരുതര അസുഖങ്ങൾ ബാധിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ കൊവഡിനെ നിസാരമായി കാണരുതെന്ന് സൂപ്രണ്ട് ഡോ. എൻ.എൻ.പമീലി പറഞ്ഞു. നിലവിൽ താലൂക്കിലും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. രോഗം പിടിപെടാതരിക്കാനുള്ള പ്രതിരോധങ്ങൾ കൃത്യമായി പാലിക്കണമെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.