പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണവും കേസന്വേഷണം അട്ടിമറിക്കപ്പെട്ടതും സംസ്ഥാനത്തിന് വലിയ നാണക്കേടായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പെൺകുട്ടികളുടെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ രക്ഷിക്കാൻ തുടക്കം മുതൽ ചിലർ ശ്രമം നടത്തി. പൊലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ല. ഹനീഫ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ച് ആറു മാസമായിട്ടും നടപടിയെടുത്തില്ല. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേസ് അട്ടിമറിച്ചവരുടെ കൈകളിൽ വിലങ്ങ് വീഴുമെന്നും അദ്ദേഹം പറഞ്ഞു.