അലനല്ലൂർ: പഞ്ചായത്തിലെ 22-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിെരെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിതന്നെ മത്സരരംഗത്ത്. സ്ഥാനാർത്ഥി നിർണയത്തിൽ അർഹിച്ച പരിഗണന ലഭിക്കാതെ വന്നതോടെയാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി അബ്ദുൾ റസാഖിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറികൂടിയായ പൂതാനി നസീർ ബാബു തീരുമാനിച്ചത്.
യു.ഡി.എഫിന് മുൻതൂക്കമുള്ള 22-ാം വാർഡിൽ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് പൂതാനി നസീർബാബു നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, നേതൃത്വം തയ്യാറായില്ല. കോൺഗ്രസിനകത്തെ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലിയാണ് അതിന് കാരണം. ഇതിനിടെ പൂതാനിനസീർ ബാബുവിനെ പിന്തിരിപ്പിക്കാൻ നേതൃത്വം ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ ഇരു സ്ഥാനാർത്ഥികളും വാർഡിൽ പ്രചരണവും ആരംഭിച്ചിട്ടുണ്ട്. അക്ബർ അലി പാറോക്കോടാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി. രണ്ടായിരത്തിലധികം വോട്ടർമാരാണ് ഈ വാർഡിലുള്ളത്. ജനങ്ങളോടുള്ള അടുപ്പവും പാർട്ടിയിലെ വർഷങ്ങളായുള്ള പ്രവർത്തന പരിചയവും തനിക്ക് അനുകൂലമാവുമെന്നാണ് പൂതാനി നസീർ ബാബുവിന്റെ കണക്കുകൂട്ടൽ. എന്നാൽ പൂതാനിനസീർ ബാബുവിന്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിനെ ബാധിക്കില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ, യു.ഡി.എഫിലെ രണ്ട് പേർ മത്സരരംഗത്തുള്ളതാണ് ഇടതുമുന്നിണിയുടെ പ്രതീക്ഷ.