income

പാലക്കാട്: സംസ്ഥാനം മറ്റൊരു തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്. വാശിയേറിയ പോരാട്ടത്തിൽ വിജയിക്കുന്നവർക്കും ശേഷം പ്രസിഡന്റും വൈസ് പ്രസിഡന്റും ചെയർമാനുമൊക്കെ ആകുന്നവർക്കും എത്ര രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുന്നതെന്ന് പലർക്കും അറിയില്ല.

താരതമ്യേന തുച്ഛമായ തുകയാണ് ഇവർക്ക് ലഭിക്കുന്നത് എന്നതാണ് വസ്തുത. അതും ശമ്പളം എന്ന കണക്കിലല്ല മറിച്ച് ഓണറേറിയം എന്ന പേരിൽ. കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം അവസാനമായി പരിഷ്‌കരിച്ചത് 2016ലാണ്.

 ഗ്രാമ പഞ്ചായത്ത്

തദ്ദേശ സ്ഥാപനങ്ങളിൽ ഏറ്റവും താഴെത്തട്ടിലുള്ളത് ഗ്രാമ പഞ്ചായത്തുകളാണ്. പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പ്രതിമാസം 13,200 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റിന് 10,600 രൂപ. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്ക് 8,200. വാർഡംഗങ്ങൾക്ക് 7000 രൂപയും. ജില്ലയിലാകെ 88 ഗ്രാമ പഞ്ചായത്തുകളാണുള്ളത്

 ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് 14,600 രൂപയും വൈസ് പ്രസിഡന്റിന് 12,000 രൂപയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്ക് 8,800 രൂപയുമാണ് ഓണറേറിയം. മെമ്പർമാർക്ക് 7,600 രൂപ. 13 ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്.

 നഗരസഭ

നഗരസഭ ചെയർമാന് 14,600 രൂപയും വൈസ് ചെയർമാന് 12,000 രൂപയുമാണ് പ്രതിമാസ ഓണറേറിയം. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്ക് 9400 രൂപയും കൗൺലിസർമാർക്ക് 7,600 രൂപയും ലഭിക്കും. ഏഴ് നഗരസഭകളുണ്ട് ജില്ലയിൽ.

 ജില്ലാ പഞ്ചായത്ത്

തദ്ദേശസ്വയം സ്ഥാപനങ്ങളിൽ ഉയർന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്കും കോർപ്പറേഷൻ മേയർമാർക്കുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പ്രതിമാസം 15,800 രൂപയും വൈസ് പ്രസിഡന്റിന് 13,200 രൂപയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്ക് 9,400 രൂപയും ലഭിക്കുമ്പോൾ മെമ്പർമാർക്ക് 8,800 രൂപയാണ് ഓണറേറിയം ഇനത്തിൽ ലഭിക്കുക.