ഷൊർണൂർ: പ്രളയത്തിന്റെ പേരിൽ തുറന്നിട്ട ഷൊർണൂർ തടയണയുടെ ഷട്ടറുകൾ അടക്കാത്തത് പുഴവെള്ളം മുഴുവൻ ഒഴുകിപോകാൻ കാരണമായി. ഇതോടെ പുഴവെള്ളത്തെ ആശ്രയിച്ചു കൃഷിയിറക്കിയ കർഷകർ ജലസേചന സൗകര്യമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. തടയണയിൽ വെള്ളമില്ലെങ്കിൽ വേനൽ കാലത്ത് ഷൊർണൂർ, ചെറുതുരുത്തി പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണത്തെ അത് ബാധിക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.
തടയണയിലെ വെള്ളം അശാസ്ത്രീയമായി ഒഴിക്കികളഞ്ഞത് പുഴയിൽ അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മണൽ വിറ്റഴിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. മണലെടുക്കുന്നതിന് നേരത്തെ തന്നെ കരാറുകാരനെ കണ്ടെത്തിയത് സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പുഴയിൽ ലോറിയിറക്കി മണലെടുക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനമെല്ലാം കാറ്റിൽപ്പറത്തിയാണ് നിലവിൽ മണലെടുപ്പ് തകൃതിയായി നടക്കുന്നത്. ഒരേ സമയം നാലും അഞ്ചും ലോറികളെത്തിയാണ് വിടെ നിന്ന് മണൽ കയറ്റിപോകുന്നത്.
പുഴയിൽ നിന്ന് കൊണ്ടുപോകുന്ന മണൽ ഷൊർണൂർ റെയിൽവേ സ്റ്റേഷന് പിന്നിൽ പുഴയോരത്തെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കൂട്ടിയിട്ടിരിക്കുന്നത്. അവിടെവച്ചുതന്നെയാണ് വില്പപനയും. ഇതൊന്നും സുതാര്യമല്ലെന്നാണ് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നത്.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കാർഷിക മേഖലയിലേക്കുള്ള ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് തടയണ നിർമ്മിച്ചത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയുള്ള ഈ മണലെടുപ്പ് പദ്ധതി ലക്ഷ്യത്തെ അട്ടിമറിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വർഷങ്ങളായി തരിശിട്ടിരുന്ന പാടങ്ങളിൽ വിളവിറക്കിയത് തടയണയിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചായിരുന്നു. തുലാവർഷത്തിൽ പ്രതീക്ഷിച്ചതുപോലെ മഴലഭിക്കാത്തത് ഇത്തവണ തിരിച്ചടിയാകും. വേനൽ കനക്കും മുമ്പേ തന്നെ പുഴയോരത്തെ നെൽപാടങ്ങളിൽ ഉണക്കം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അടിയന്തരമായി പാടശേഖരങ്ങളിലേക്ക് വെള്ളം തുറന്നുവിട്ടില്ലെങ്കിൽ ഹെക്ടർ കണക്കിന് കൃഷി നശിക്കുമെന്ന് കർഷകർ പറയുന്നു.