ദേവരഥ സംഗമമില്ലാതെ ചടങ്ങിലൊതുങ്ങി കൽപ്പാത്തി രഥോത്സവം
പാലക്കാട്: ആഘോഷങ്ങളും ആരവങ്ങളുമില്ലെങ്കിലും ആചാരനിറവോടെ കൽപ്പാത്തിയിൽ മൂന്നാംതേരുത്സവം സമാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ അഗ്രഹാര വീഥികളിലുടെയുള്ള ദേവരഥ പ്രയാണം ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നതിനാൽ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥനും ഉപദേവതകളും ആറ് തേരുകളിലായി തേരുമുട്ടിയിലെത്തുന്ന ദേവരഥ സംഗമം ഇത്തവണയുണ്ടായിരുന്നില്ല. ചരിത്രത്തിൽ ഇതാദ്യമായാണ് ദേവരഥ സംഗമമില്ലാതെ കൽപ്പാത്തി രഥോത്സവം നടക്കുന്നത്.
ചടങ്ങിന്റെ ഭാഗമായി ഇന്നലെ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ വൈകീട്ട് ദേവീദേവന്മാരെ എഴുന്നെള്ളിച്ചു. ഈ ക്ഷേത്രത്തിൽ നിന്നും രഥോത്സവത്തിന് എഴുന്നെള്ളിക്കുന്ന ദേവതകളെ മാത്രമാണ് ചെറിയ രഥങ്ങളിൽ എഴുന്നെള്ളിച്ചത്. ക്ഷേത്ര പരിസരത്തുനിന്നും വൈകീട്ട് അഞ്ചരയോടെ ആരംഭിച്ച എഴുന്നെള്ളിപ്പ് കൊടിമരച്ചുവട്ടിൽ വച്ച് സമാപിച്ചു. ദേവീദേവന്മാരുടെ അനുഗ്രഹംതേടി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തരെത്തിയിരുന്നു.
ഇന്നലെ രാവിലെ 10നും 10.30നും ഇടയിൽ ചാത്തപുരം പ്രസന്നമഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണം നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിനുള്ളിൽ മാത്രമായി ചടങ്ങുകൾ ഒതുങ്ങി.
കഴിഞ്ഞദിവസം പ്രദക്ഷിണം നടത്തിയ വള്ളി- ദൈവാന സമേത സുബ്രഹ്മണ്യൻ - ഗണപതി തേരുകൾ ഇന്നലെ രാവിലെ പ്രദക്ഷിണം പുനരാരംഭിച്ച് ക്ഷേത്രത്തിന് മുൻവശത്തെത്തി നിലയുറപ്പിച്ചിരുന്നു.
ഇന്ന് രാവിലെ ധ്വജാവരോഹണത്തോടെ ഈ വർഷത്തെ രഥോത്സവത്തിന് കൊടിയിറങ്ങും.