ചെർപ്പുളശ്ശേരി: ബി.ജെ.പിക്കായി ചെർപ്പുളശ്ശേരി നഗരസഭയിൽ ജനവിധി തേടുന്നവരിൽ അദ്ധ്യാപകരായ ദമ്പതികളും. മൂന്നാം വാർഡ് ഹെൽത്ത് സെന്ററിൽ മത്സരിക്കുന്ന പൂളക്കത്തൊടി വീട്ടിൽ പി.ജയനും, 33-ാം വാർഡ് നാലാലുംകുന്നിൽ മത്സരിക്കുന്ന എൻ.കവിതയുമാണ് ദമ്പതി സ്ഥാനാർത്ഥികൾ. ബി.ജെ.പി ഷൊർണൂർ നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ പി.ജയൻ കഴിഞ്ഞതവണ കൗൺസിലറായിരുന്നു. തൂത വടക്കുംമുറി എൽ.പി സ്‌കൂളിലെ അദ്ധ്യാപകനാണ് പി.ജയൻ. ഭാര്യ കവിത കാറൽമണ്ണ എൻ.എൻ.എൻ.എം യു.പി സ്‌കൂളിലെ അദ്ധ്യാപികയാണ്.
ആദ്യമായല്ല ഈ ദമ്പതികൾ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്നത്. കഴിഞ്ഞ തവണയും ഇരുവരും ബി.ജെ.പി സ്ഥാനാർത്ഥികളായിരുന്നു. പി.ജയൻ 33-ാം വാർഡിൽ വിജയിച്ചപ്പോൾ 27-ാം വാർഡ് മൽമൽക്കുന്നിൽ മത്സരിച്ച എൻ.കവിത പരാജയപ്പെട്ടു. ഭർത്താവ് പി.ജയന് കഴിഞ്ഞ തവണ 33-ാം വാർഡിൽ കിട്ടിയ പിന്തുണ നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് കവിത ഇത്തവണ മത്സര രംഗത്തുള്ളത്. രണ്ടുപേരുടെയും വീടുകൾ അടുത്തടുത്തായതിനാൽ വാർഡിൽ സുപരിചിതരാണ് ഇരുവരും. കുടുംബത്തിൽ നിന്നും കിട്ടുന്ന പിന്തുണ കൂടിയാണ് ഈ ദമ്പതികളുടെ സ്ഥാനാർത്ഥിത്വത്തിലേക്കുള്ള വഴി തുറന്നത്.
ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അദ്രി, ഒരു വയസുള്ള തൃഹാര എന്നിവരാണ് മക്കൾ. പ്രചരണ തിരക്കിനിടയിൽ മക്കളുടെ കാര്യങ്ങളെല്ലാം വീട്ടുകാരാണ് നോക്കുന്നത്. വിജയിക്കാൻ കഴിഞ്ഞാൽ ചെർപ്പുളശ്ശേരി നഗരസഭാ കൗൺസിലിലെത്തുന്ന ആദ്യ ദമ്പതികളാകും പി.ജയനും എൻ.കവിതയും.