പാലക്കാട്: സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി മുന്നണികളെല്ലാം പ്രചരണത്തിലേക്കിറങ്ങിയതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. ചുവരെഴുത്തുകളും ഫ്ലെക്സ് സ്ഥാപിക്കലും പോസ്റ്റർ പതിക്കലുമായി പ്രവർത്തകരും സജീവം. മുന്നണി സ്ഥാനാർത്ഥികൾ പലരും ആദ്യഘട്ട ഗൃഹസന്ദർശനം പൂർത്തിയാക്കി കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രചരണത്തിന് ഏറെ പരിമിതിയുള്ളതിനാൽ സമൂഹ മാദ്ധ്യമങ്ങളുടെ സാദ്ധ്യത ഉൾപ്പെടെ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി ഒരോ സ്ഥാനാർത്ഥികൾക്കും വാർഡുകളിൽ പരമാവധി ചെലവാക്കാൻ കഴിയുന്ന തുക നിശ്ചയിച്ചിട്ടുണ്ട്. പഞ്ചായത്തുകളിൽ 25,000 രൂപയും ബ്ലോക്ക്, മുനിസിപ്പാലിറ്റികളിൽ 75,000 രൂപയും ജില്ലാ പഞ്ചായത്തിൽ 1,50,000 രൂപയും ചെലവഴിക്കാം.
നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ 1000 രൂപയും ബ്ലോക്ക്, മുനിസിപ്പാലിറ്റികളിലേത് 2000 രൂപയും ജില്ലാ പഞ്ചായത്തിൽ 3000 രൂപയുമാണ് നിക്ഷേപമായി കെട്ടിവയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിലുള്ളവർക്ക് പകുതി തുക മാത്രം നിക്ഷേപമായി നൽകിയാൽ മതി.
പ്രചരണത്തിന് മാസ്കും
തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത് പോസ്റ്റർ, ഫ്ലെക്സ്, മൈക്ക് അനൗൺസ്മെന്റ്, ചുവരെഴുത്ത്, ലഘുലേഖ-നോട്ടീസ് വിതരണം എന്നിവയാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സമൂഹ മാദ്ധ്യമങ്ങൾക്ക് പുറമേ മാസ്കിലും പാർട്ടി ചിഹ്നം പതിപ്പിച്ച് പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. തൊപ്പി, കുട എന്നിവയും വിപണികളിൽ ലഭ്യം. പ്ലാസ്റ്റിക് നിയന്ത്രണമുള്ളതിനാൽ പോളി കോട്ടണിലാണ് ഫ്ലക്സ് പ്രിന്റിംഗ്.
ഫ്ലക്സ് പ്രിന്റിംഗ് ചെലവ്
6x4- 480 രൂപ
8x4- 640 രൂപ
8x6- 960 രൂപ
22x17 ഇഞ്ച് മൾട്ടി കളർ പോസ്റ്റർ
500 എണ്ണത്തിന് 4200 രൂപ
എ4 നോട്ടീസ്
500 എണ്ണത്തിന് 1600 രൂപ
വാഹന പ്രചരണം
ജനറേറ്ററും മൈക്കും വാഹനവും ഉൾപ്പെടെ നഗരപ്രദേശത്ത് ഒരു ദിവസത്തിന് 7500 രൂപയാണ് വാടക. പഞ്ചായത്ത് വാർഡുകളിൽ 4500 രൂപയും.
ചുവരെഴുത്തിന് ഏറ്റവും കുറഞ്ഞത് 350 രൂപയാണ് ഈടാക്കുന്നത്.