പട്ടാമ്പി: ചിഹ്നങ്ങൾ വരച്ച് ചുമരുകളെ ചേതോഹരമാക്കി എട്ടാംതരം വിദ്യാർത്ഥിനിയായ ഹർഷ മുസ്തഫ. വിളയൂർ കൂരാച്ചിപ്പടി മലവട്ടത്ത് മുസ്തഫയുടെ മകളാണ് കൗതുകതാരം.
കുഞ്ഞുവിരലുകളാൽ തീർത്തത് അനേകം ചുമർ ചിത്രങ്ങൾ. പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണ് ഹർഷ ഇപ്പോൾ ചുമരെഴുതുന്നത്. കൂരാച്ചിപ്പടിയിലെ വീടിന് മുന്നിലെഴുതിയ ചിത്രം ഫേസ് ബുക്കിൽ വന്നതോടെയാണ് കലാകാരിയെ നാടറിഞ്ഞത്. ഇതോടെ മിടുക്കിയെ തേടി രാഷ്ട്രീയ പാർട്ടികൾ എത്തിത്തുടങ്ങി.
ഇപ്പോൾ ഹർഷയ്ക്ക് തിരക്കോട് തിരക്കാണ്. ചിത്രം മാത്രമല്ല, എഴുത്തും മനോഹരമാണ്. സ്ഥാനാർത്ഥിയുടെ പേരും മുദ്രാവാക്യങ്ങളുമൊക്കെ വേറിട്ട് നിൽക്കുന്നു. അക്ഷരങ്ങൾക്കും ഫോണ്ടുകൾക്കും ഡിജിറ്റൽ ടച്ചുണ്ട്. സ്‌കൂളിലും മികവുകളുടെ സർഗസൃഷ്ടി തീർത്ത് പ്രതിഭ തെളിയിച്ചിട്ടുണ്ട്. കലോത്സവങ്ങളിലും അംഗീകാരം നേടി. പിതാവ് മുസ്തഫ സാമൂഹിക പ്രവർത്തകനും സി.പി.എം പ്രാദേശിക നേതാവുമാണ്.