waste

പാലക്കാട്: തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ ശേഖരണത്തിൽ വീഴ്ച വരുത്തിയാലോ തരം തിരിക്കാതെ ശേഖരിച്ചാലോ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ശുചിത്വ- മാലിന്യ സംസ്‌കരണത്തിനുള്ള ടാക്‌സ് ഫോഴ്‌സ് തീരുമാനം. സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികളെടുക്കും. മാലിന്യ ശേഖരണത്തിൽ പിന്നിൽ നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ നിരീക്ഷണം കർശനമാക്കാനും തദ്ദേശഭരണ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടാക്സ് ഫോഴ്‌സ് തീരുമാനിച്ചു.

മാലിന്യ സംസ്കരണത്തിൽ പല തദ്ദേശ സ്ഥാപനങ്ങളും മെല്ലെപോക്കിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

തരംതിരിക്കാതെ മാലിന്യം ശേഖരിക്കുന്ന രീതിയാണ് പല തദ്ദേശ സ്ഥാപനങ്ങളും സ്വീകരിക്കുന്നതെന്ന് ഹരിത കേരളം മിഷൻ സർവേ കണ്ടെത്തിയിരുന്നു. മാലിന്യശേഖരണ- സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനം തടസപ്പെടാൻ പാടില്ലാത്ത ചുമതലയാണെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനം മാലിന്യ സംസ്‌കരണത്തിന് തടസമാകരുതെന്നും നിർദേശമുണ്ട്. മാലിന്യ സംസ്കരണ നിയമ ലംഘനത്തിന് നടപടി സ്വീകരിച്ച് റിപ്പോർട്ട് ചെയ്യണം.

എല്ലാ മാസവും പത്തിന് മുമ്പ് മുൻമാസത്തെ നടപടി സംബന്ധിച്ച വിവരം സമർപ്പിക്കണം. ഇത് വിലയിരുത്തി തെറ്റായ രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തി ബന്ധപ്പെട്ട തദ്ദേശ സെക്രട്ടറിമാർ നടപടി സ്വീകരിക്കും. ശുചിത്വ പദവി കൈവരിച്ച തദ്ദേശ സ്ഥാപനങ്ങൾ, ഹരിത കർമ്മസേന പ്രവർത്തനം ചിട്ടപ്പെടുത്തുന്നതിനും വരുമാനം ഉയർത്തുന്നതിനുമുള്ള പ്രവർത്തന മാർഗരേഖ തയ്യാറാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.


അജൈവ മാലിന്യം ഏറ്റെടുക്കും

മെറ്റീരിയൽ കളക്ഷൻ സെന്ററുകളിലെ തരംതിരിച്ച് സൂക്ഷിച്ച അജൈവ മാലിന്യം ക്ലീൻ കേരള കമ്പനി ഏറ്റെടുക്കും. പാഴ് വസ്തുക്കളുടെ മാർക്കറ്റ് അനുസരിച്ച് നിശ്ചയിച്ച വില നൽകും. കരാറിലേർപ്പെടുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് കമ്പനിയുമായി തുക വകയിരുത്തേണ്ടതില്ല.

-വൈ.കല്യാണകൃഷ്ണൻ, ഹരിത മിഷൻ, ജില്ലാ കോ-ഓർഡിനേറ്റർ.