പാലക്കാട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെടുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷ മുൻനിറുത്തി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം രോഗ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.
ഫെയ്സ് ഷീൽഡ്, എൻ 95 മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവയാണ് വിതരണം ചെയ്തത്. നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്ന വരണാധികാരി, ഉപവരണാധികാരികൾ എന്നിവർക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശീലനത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഘടിപ്പിക്കുന്ന ജീവനക്കാർ, സെക്ടറൽ ഉദ്യോഗസ്ഥർ എന്നിവർക്കുമാണ് സാമഗ്രികൾ നൽകിയത്. ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനങ്ങളിലേയ്ക്ക് വോട്ടെടുപ്പ്, വോട്ടെണ്ണൽ പ്രക്രിയ ഒഴികെയുള്ള മറ്റ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സാമഗ്രികൾ കൈമാറിയത്. പഞ്ചായത്തുകൾക്കുള്ളവ അതത് ബ്ലോക്കിൽ വിതരണം ചെയ്യും.