മണ്ണാർക്കാട്: മണ്ണാർക്കാട്ടെയും കുമരംപുത്തൂരിലെയും സ്ഥാനാർത്ഥി തർക്കം പരിഹരിക്കാൻ ചേർന്ന എൽ.ഡി.എഫ് ജില്ലാ-സംസ്ഥാന നേതാക്കളുടെ ചർച്ച ഫലം കാണാതെ പിരിഞ്ഞതോടെ സി.പി.എം- സി.പി.ഐ നേർക്കുനേർ പോരാട്ടം ഉറപ്പായി.
ചർച്ചയിൽ മന്ത്രി എ.കെ.ബാലൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ, പി.കെ.ശശി എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ, മറ്റ് പ്രാദേശിക നേതാക്കൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കുമരംപുത്തൂരിൽ 18 സീറ്റിലും സ്ഥാനാർത്ഥികളെ നിറുത്തിയെന്നും ഇനി പിന്നോട്ടില്ലെന്നും സി.പി.എം നേതാക്കൾ പറഞ്ഞു. ഇത് പാർട്ടി നയമല്ലെന്നും അങ്ങനെ മത്സരിച്ചാലത് സി.പി.എം ആവില്ലെന്നും ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ പറഞ്ഞു. വിട്ടുവീഴ്ച ചെയ്ത് എൽ.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന നിർദേശം ജില്ലാ നേതാക്കൾ മുന്നോട്ടു വച്ചെങ്കിലും കുമരംപുത്തൂരിലെ ഇരുപാർട്ടി നേതൃത്വവും വഴങ്ങിയില്ല. ഇതോടെ ചർച്ച അലസി. മണ്ണാർക്കാട്ടും കോട്ടോപ്പാടത്തും തൽസ്ഥിതി തുടരുന്നുണ്ട്.