നെല്ലിയാമ്പതി: സർക്കാർ ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിൽ മഴക്കാലം കഴിഞ്ഞതോടെ പച്ചക്കറി കൃഷി ആരംഭിച്ചു. ജീവനക്കാരുടെ എണ്ണം കഴിഞ്ഞ ദിവസം മുതൽ വർദ്ധിപ്പിച്ച സാഹചര്യത്തിൽ തരിശായി കിടക്കുന്ന കൂടുതൽ പ്രദേശത്ത് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം.
കാബേജ്, ക്വാളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങി ഹൈറേഞ്ചിൽ ഉല്പാദിപ്പിക്കാനാകുന്ന 16 ഇനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. ഫാമിന്റെ വടക്ക് ഭാഗത്തായി ചരിഞ്ഞുകിടക്കുന്ന ആറ് ഹെക്ടർ സ്ഥലത്താണ് കൃഷി. ഹോർട്ടിക്കൾച്ചർ പദ്ധതി വഴി ഫാമിൽ മാതൃകാ ഹൈടെക് നഴ്സറി സ്ഥാപിക്കും. പോളിഹൗസിൽ ഓർക്കിഡ് ഉല്പാദനം വർദ്ധിപ്പിച്ച് വിപണനം നടത്തും.
പ്രത്യേക അനുമതി ലഭിച്ചതോടെ ആപ്പിൾ, മുന്തിരി, മുസംബി, അവക്കോഡോ, ഡ്രാഗൺ പഴം എന്നിവ കൃഷി ചെയ്യാൻ കൈകാട്ടി- പുലയമ്പാറ പാതയോരത്തെ സ്ഥലം പ്രയോജനപ്പെടുത്തും. മൂന്നാർ കാന്തല്ലൂരിൽ നിന്ന് തൈകളെത്തിച്ചാണ് കൃഷി.
1.28 കോടിയുടെ പദ്ധതി
സ്ഥലമൊരുക്കലും വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം നേടാൻ വൈദ്യുതി കമ്പിവേലിയും ഉൾപ്പെടെ 1.28 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്തവണ ഓറഞ്ച് ഉല്പാദനം വർദ്ധിപ്പിക്കാനായത് വഴി സംസ്കരണത്തിലൂടെ സ്ക്വാഷ് കൂടുതലായി വിപണിയിൽ എത്തിക്കാൻ കഴിഞ്ഞു. പ്രവേശന കവാടത്തോട് ചേർന്നുള്ള കൗണ്ടർ വഴിയുള്ള സ്ക്വാഷ്, ജാം വില്പന നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഫാമിന് ആശ്വാസമായി. 100ൽ താഴെ മാത്രം ജീവനക്കാരുണ്ടായിരുന്ന ഫാമിൽ ഇപ്പോൾ 222 ജോലിക്കാരുണ്ട്. ഇതിൽ 91സ്ഥിരം തൊഴിലാളികളും 131കാഷ്വൽ തൊഴിലാളികളുമാണ്.
വരുമാനം വർദ്ധിപ്പിക്കും
ജലസേചന സൗകര്യമൊരുക്കാൻ കഴിയുന്ന വിധത്തിൽ പ്ലാസ്റ്റിക് കൊണ്ടുള്ള ജലസംഭരണികളും ഒരുക്കിയിട്ടുണ്ട്. വിപണിയിലെ ആവശ്യം മനസിലാക്കി ലാഭം കിട്ടാൻ സാദ്ധ്യതയുള്ള കൃഷിയിലൂടെ ഫാമിന്റെ വരുമാനം വർദ്ധിപ്പിക്കാനാണ് ശ്രമം.
-ജോൺസൺ, ഫാം സൂപ്രണ്ട്.