gathi
അയിലൂർ ഗ്രാമത്തിൽ നാലാം വിളക്കുതെരുവിൽ ഖാദി ബോർഡിന്റേതായിരുന്ന കെട്ടിടം നിന്ന സ്ഥലം പൊന്തക്കാടു പിടിച്ചു കിടക്കുന്നു.

അയിലൂർ: നാലാം വിളക്കുതെരുവിൽ ഖാദി ബോർഡിന്റേതായിരുന്ന കെട്ടിടം നിന്ന സ്ഥലം ഏറ്റെടുക്കാൻ ആളില്ലാതെ പൊന്തക്കാടു പിടിച്ചു ഉപയോഗ ശൂന്യമായി കിടക്കുന്നു. 37 വർഷമായി അനാഥമായി കിടക്കുന്ന ഖാദി നെയ്ത്ത് കേന്ദ്രം ഏറ്റെടുക്കാനായി ജില്ലാ കളക്ടറും പഞ്ചായത്തുമെല്ലാം ഇടപെട്ടിട്ടും ഇതുവരെ ഫലമുണ്ടായിട്ടില്ല.

'അംബർചർക്ക പരിശ്രമാലയം" എന്ന പേരിൽ പണ്ട് പ്രവർത്തിച്ചുവന്ന കെട്ടിടം പൊളിച്ചുനീക്കി ഭൂമി കൈവശപ്പെടുത്തി ഉപയോഗിക്കാനുള്ള ഉത്തരവും നടപ്പായില്ല. കാലപ്പഴക്കത്തിൽ പൊളിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങൾ ഇപ്പോഴും നീക്കം ചെയ്യാതെ കിടക്കുകയാണ്. ഇതോടെ ഇഴജന്തുക്കളുടെ കേന്ദ്രമായ ഇവിടം വേനലാകുന്നതോടെ പച്ചിലകൾ ഉണങ്ങി അപകടമുണ്ടാക്കുമെന്ന ഭീതിയിലാണ് സമീപവാസികൾ. ഖാദി ബോർഡിന്റെ കൈവശമായിരുന്നതായി പറയുന്ന കെട്ടിടത്തിന് നാഥനില്ലാതായതാണ് പ്രധാന പ്രശ്നം.

നെയ്ത്ത് പരിശീലനം

പെൺകുട്ടികൾക്ക് നെയ്ത്ത് പരിശീലനവും കൈത്തറി വസ്ത്രം നെയ്തു നൽകാനുമായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. 1983ൽ മേൽനോട്ടം വഹിച്ചിരുന്ന വല്ലങ്ങി സ്വദേശി സി.ഡി.സ്വാമിയുടെ ഇടപെടൽ അവസാനിച്ചതോടെ അനാഥമായതായി സമീപവാസിയായ റിട്ട.അദ്ധ്യാപകൻ സി.ഗോപാലകൃഷ്ണൻ പറഞ്ഞു. പഞ്ചായത്ത് ഏറ്റെടുത്ത് കെട്ടിടാവശിഷ്ടം നീക്കം ചെയ്ത് ഏതെങ്കിലും പദ്ധതികൾക്കായി വിനിയോഗിക്കാൻ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.